വയര്‍ വീര്‍ത്തു വരുന്നതിന് ചികിത്സ തേടി; മൂന്നു മാസം പ്രായമുള്ള കുഞ്ഞിന്‍റെ വയറ്റില്‍ ഭ്രൂണം

ബിഹാര്‍: അപൂര്‍വ ജന്മങ്ങള്‍ പലതും ലോകത്ത് സംഭവിക്കുന്നുണ്ട്. അതുപോലെ തന്നെ ഇരട്ടക്കുട്ടികളുടെയും സയാമീസ് ഇരട്ടകളുടേയും ജനനം സര്‍വ്വസാധാരണവുമാണ്.

എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് ബീഹാറിലെ ഹിന്ദു ബനാറസ് യൂണിവേഴ്‌സിറ്റി മെഡിക്കല്‍ കോളേജില്‍ നിന്നുള്ള വാര്‍ത്ത.

ഒരു കുഞ്ഞിന്റെ വയറ്റില്‍ മറ്റൊരു കുഞ്ഞു ജീവന്‍ പിറവിയെടുക്കുന്നു. മൂന്ന് മാസം പ്രായമുള്ള ആണ്‍കുഞ്ഞിന്റെ വയര്‍ വീര്‍ത്തു വരുന്നത് ശ്രദ്ധയില്‍പെട്ട മാതാപിതാക്കള്‍ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

വയറ്റില്‍ മുഴ വളരുന്നു എന്നതായിരുന്നു ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം. എന്നാല്‍ പിന്നീടുള്ള പരിശോധനയിലാണ് കുഞ്ഞിന്റെ വയറിനുള്ളില്‍ മറ്റൊരു ഭ്രൂണം വളരുകയാണെന്ന്‌ കണ്ടെത്തിയത്.

ഈ കുഞ്ഞിന്റെ ഇരട്ടയാണ് ഉള്ളില്‍ വളരുന്നത് എന്നാണ് ഡോക്ടര്‍മാരുടെ വിശദീകരണം.

പാരസൈറ്റ് ട്വിന്‍ എന്നാണ് ഈ പ്രതിഭാസത്തെ വിശേഷിപ്പിക്കുന്നത്.ഗര്‍ഭകാലത്ത് ഇരട്ടകളായി വളര്‍ച്ചയാരംഭിക്കുകയും എന്നാല്‍ ഒന്ന് മറ്റൊന്നില്‍ നിന്ന് വേര്‍പിരിയാതെ വരികയും ചെയ്യുമ്പോഴാണ് ഇത്തരത്തില്‍ വയറിനകത്ത് വളര്‍ച്ച പ്രാപിക്കുന്നത്.

ഒരു കിലോ ഭാരമുണ്ടായിരുന്ന ശിശുവിന്റെ കണ്ണുകളുടെയും തൊലിയുടെയും വളര്‍ച്ച പൂര്‍ണ്ണമായിരുന്നു. തുടര്‍ന്ന് ശസ്ത്രക്രിയയിലൂടെ മാംസപിണ്ഡം ഡോക്ടര്‍മാര്‍ നീക്കം ചെയ്തു.

ഇത്തരത്തിലുള്ള 200 സംഭവങ്ങള്‍ ലോകത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ശസ്ത്രക്രിയയ്ക്കുശേഷം കുട്ടി ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

Top