ഇന്ത്യന്‍ അത്ലറ്റിക്സില്‍ വിവാദം; കമല്‍പ്രീത് കൗറിനെതിരെ ആക്ഷേപവുമായി സീമ പൂനിയ

ദില്ലി: ടോക്യോ ഒളിംപിക്‌സിന് മുന്‍പ് ഇന്ത്യന്‍ അത്ലറ്റിക്സില്‍ വിവാദം. കമല്‍പ്രീത് കൗറിന്റെ ശരീരത്തില്‍ പുരുഷ ഹോര്‍മോണിന്റെ അളവ് കൂടുതലെന്ന ആക്ഷേപവുമായി സീമ പൂനിയ രംഗത്തെത്തി. ഡിസ്‌കസ് ത്രോയില്‍ 66.59 മീറ്റര്‍ എന്ന റെക്കോര്‍ഡ് ദൂരവുമായാണ് കമല്‍പ്രീത് കൗര്‍ ടോക്യോ ഒളിംപിക്‌സിന് യോഗ്യത നേടിയത്.

വിസ്മയനേട്ടത്തിന്റെ ആവേശം അടങ്ങും മുന്‍പാണ് കമല്‍പ്രീതിനെതിരെ പരാതിയുമായി സീമ പൂനിയ ദേശീയ അത്ലറ്റിക് ഫെഡറേഷനെ സമീപിച്ചത്. കമല്‍പ്രീതിന്റെ ശരീരത്തില്‍ പുരുഷ ഹോര്‍മോണിന്റെ അളവ് കൂടുതലെന്നും വിദഗ്ധ പരിശോധനയ്ക്ക് വിധേയയാക്കണമെന്നും ആണ് സീമ പൂനിയയുടെ ആവശ്യം.

‘കമല്‍പ്രീതിന്റെ പ്രകടനത്തിന്റെ ദൃശ്യങ്ങള്‍ പലതവണ പരിശോധിച്ചപ്പോള്‍ സംശയം ബലപ്പെട്ടു. കരിയറിന്റെ അവസാനത്തിലെത്തിയ തന്നെ ഇത് ബാധിക്കില്ല. എന്നാല്‍ യുവതാരങ്ങള്‍ക്ക് തുല്യനീതി നിഷേധിക്കപ്പെടരുതെന്നും ഫെഡറേഷനും സായിയും ഇടപെടണം’ എന്നുമാണ് സീമ പൂനിയ ആവശ്യപ്പെടുന്നത്. ഫെഡറേഷന്‍ കപ്പില്‍ മികച്ച പ്രകടനം നടത്തിയപ്പോള്‍ കമല്‍പ്രീതിനെ നേരിട്ട് അഭിനന്ദിച്ചെന്നും തനിക്ക് വ്യക്തിപരമായി ഒരു പ്രശ്‌നവുമില്ലെന്നും സീമ വിശദീകരിച്ചു. സീമയും ഡിസ്‌കസ് ത്രോയില്‍ ഒളിംപിക് യോഗ്യത നേടിയിട്ടുണ്ട്. അതേസമയം പരാതികള്‍ കിട്ടിയാല്‍
വ്യവസ്ഥാപിത മാര്‍ഗത്തിലൂടെ പരിഗണിക്കുമെന്ന് എഎഫ്‌ഐ പ്രതികരിച്ചു.

അതേസമയം സ്പ്രിന്റര്‍ ദ്യൂതി ചന്ദ് ടോക്യോ ഒളിംപിക്‌സിന് യോഗ്യത നേടി. 100, 200 മീറ്ററുകളിലാണ് ദ്യൂതി ചന്ദ് യോഗ്യത നേടിയത്. ലോക റാങ്കിംഗ് ക്വാട്ടയിലൂടെയാണ് ദ്യൂതിക്ക് യോഗ്യത ലഭിച്ചത്. 100 മീറ്ററില്‍ ആകെ 56 താരങ്ങളാണ് ടോക്യോയില്‍ മത്സരിക്കുക. ഇതില്‍ ദ്യുതിയടക്കം 22 താരങ്ങളാണ് റാങ്കിംഗ് ക്വാട്ടയിലൂടെ ടോക്യോയിലേക്ക് യോഗ്യത നേടിയിരിക്കുന്നത്. ലോക റാങ്കിംഗില്‍ ദ്യൂതി 100 മീറ്ററില്‍ നാല്‍പ്പത്തിനാലും 200 മീറ്റില്‍ അന്‍പത്തിയൊന്നും സ്ഥാനത്താണ്.

 

Top