മലയാള സിനിമയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രശസ്ത ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്. മഞ്ഞുമ്മല്‍ ബോയ്‌സും ഭ്രമയുഗവും താന്‍ കണ്ടെന്നും മലയാളി സംവിധായകരോട് തനിക്ക് അസൂയ തോന്നുന്നെന്നും അദ്ദേഹം കുറിച്ചു. സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സര്‍വ്വീസ് ആയ ലെറ്റര്‍ബോക്‌സ്ഡിലൂടെയാണ് അനുരാഗ് തന്റെ പ്രതികരണം അറിയിച്ചത്.
മഞ്ഞുമ്മല്‍ ബോയ്‌സിനെക്കുറിച്ച് അനുരാഗ് കശ്യപ് പറയുന്നത് ഇങ്ങനെ- ‘മുഖ്യധാരാ സിനിമയില്‍ നിന്നുള്ള, അങ്ങേയറ്റം ആത്മവിശ്വാസമുള്ള ഗംഭീര ഫിലിം മേക്കിംഗ്. ഇന്ത്യയില്‍ ബിഗ് ബജറ്റിലുള്ള മറ്റെല്ലാ ചലച്ചിത്ര നിര്‍മ്മാണത്തേക്കാളും ഏറെ മികച്ചത്. അത്രയും ആത്മവിശ്വാസം, അസാധ്യമെന്ന് തോന്നുന്ന കഥപറച്ചില്‍. ഒരു നിര്‍മ്മാതാവിന് മുന്നില്‍ ഒരാള്‍ ഈ കഥ എങ്ങനെ അവതരിപ്പിച്ച് സമ്മതം നേടും എന്നതിനെക്കുറിച്ച് ആലോചിക്കുമ്പോള്‍ത്തന്നെ എനിക്ക് അതിശയം തോന്നുന്നു. ഹിന്ദി സിനിമയെ സംബന്ധിച്ച് അത്തരം ആശയങ്ങള്‍ റീമേക്ക് ചെയ്യാനേ കഴിയൂ. മലയാളത്തില്‍ അടുത്തിടെ ഇറങ്ങിയ മൂന്ന് ഗംഭീര സിനിമകള്‍ നോക്കുമ്പോള്‍ ഹിന്ദി സിനിമ ഒരുപാട് പിന്നിലാണെന്ന് കാണാം’, അനുരാഗ് കുറിക്കുന്നു.
ഭ്രമയുഗം കണ്ടതിന് ശേഷമുള്ള അനുരാഗിന്റെ പ്രതികരണം ഇങ്ങനെ- ‘മലയാളത്തിലെ സംവിധായകരോട് എനിക്ക് ഏറെ അസൂയ തോന്നുന്നു. അവരുടെ ധൈര്യം, സാഹസികത, ഒപ്പം കാര്യങ്ങളെ നന്നായി മനസിലാക്കുന്ന ഗംഭീര പ്രേക്ഷകരും ചേര്‍ന്നാണ് അവിടുത്തെ ഫിലിം മേക്കിംഗിനെ ശാക്തീകരിക്കുന്നത്. എനിക്ക് അങ്ങേയറ്റം അസൂയ തോന്നുന്നു. പിന്നെ മമ്മൂട്ടി… എന്താണ് അദ്ദേഹം ചെയ്തിരിക്കുന്നത്… കാതലാണ് എന്റെ അടുത്ത ലിസ്റ്റില്‍’, അനുരാഗ് കുറിക്കുന്നു.