വാതക ചോര്‍ച്ച; കമ്പനിയുടെ വസ്തുവകകള്‍ പിടിച്ചെടുക്കാന്‍ നിര്‍ദേശിച്ച്‌ ഹൈക്കോടതി

ഹൈദരാബാദ്: വിശാഖപട്ടണത്ത് വാതക ചോര്‍ച്ചയ്ക്കിടയാക്കിയ എല്‍ജി പോളിമേഴ്‌സ് കമ്പനിയുടെ വസ്തുവകകള്‍ പിടിച്ചെടുക്കാന്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ച്‌ ഹൈക്കോടതി. കോടതിയുടെ ഉത്തരവില്ലാതെ കമ്പനി ഡയറക്ടര്‍മാരെ രാജ്യം വിടാന്‍ അനുവദിക്കരുതെന്നും കോടതി നിര്‍ദേശിച്ചു. മാത്രമല്ല വാതക ചോര്‍ച്ച സംബന്ധിച്ച് അന്വേഷണം നടത്തുന്നതിന് നിയോഗിച്ചിരിക്കുന്ന സമിതി അംഗങ്ങളല്ലാതെ മറ്റാരും കമ്പനിയുടെ ചുറ്റുവട്ടത്ത് പ്രവേശിക്കരുതെന്നും കോടതിയുടെ രണ്ടംഗ ബെഞ്ച് നിര്‍ദേശിച്ചു.

കേസില്‍ അന്വേഷണം നടക്കുന്നതിനിടെ കമ്പനിയില്‍ നിന്ന് സ്‌റ്റൈറീന്‍ ഗ്യാസ് ദക്ഷിണ കൊറിയയിലേയ്ക്ക് കടത്തിയതിനെതിരെയും കോടതി രൂക്ഷവിമര്‍ശനമുന്നയിച്ചു. കോടതിയുടെ അനുവാദമില്ലാതെ ഗ്യാസ് കൊണ്ടു പോകാന്‍ കമ്പനിയെ അനുവദിച്ചതിന് ആരാണ് ഉത്തരവാദിയെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മറുപടി പറയണമെന്നും കോടതി ആവശ്യപ്പെട്ടു.

കമ്പനിയുടെ ഒരു വിധത്തിലുള്ള സ്ഥാവര-ജംഗമ സ്വത്തുക്കളും കോടതിയുടെ അനുവാദമില്ലാതെ മറ്റൊരിടത്തേയ്ക്ക് മാറ്റാന്‍ പാടില്ലെന്നും കോടതി പറഞ്ഞു. ലോക്ക്ഡൗണ്‍ കാലത്ത് പ്രവര്‍ത്തിക്കുന്നതിന് കമ്പനിയ്ക്ക് അനുവാദമുണ്ടായിരുന്നോ എന്ന കാര്യം അറിയിക്കണമെന്നും കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം, കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍പര്യ ഹര്‍ജികളില്‍ എല്‍ജി പോളിമേഴ്‌സിന് പ്രവര്‍ത്തിക്കുന്നതിന് പാരിസ്ഥിതികാനുമതി ഉണ്ടായിരുന്നില്ലെന്നും സുരക്ഷാ ക്രമീകരണങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു. മാത്രമല്ല

ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളും റെയില്‍വേ സ്റ്റേഷനും എയര്‍പോര്‍ട്ടും കമ്പനിയുടെ അപകടസാധ്യതാ പരിധിക്കുള്ളില്‍ പ്രവര്‍ത്തിച്ചിരുന്നതായും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.ഇക്കാര്യങ്ങളിലും വിശദീകരണം ആവശ്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

വിശാഖപട്ടണം ഗോപാല്‍പട്ടണത്തെ എല്‍.ജി.പോളിമര്‍ കമ്പനിയിലുണ്ടായ വാതക ചോര്‍ച്ചയെ തുടര്‍ന്ന് 12 പേരാണ് മരിച്ചത്. ആയിരത്തോളം പേര്‍ക്ക് വിഷവാതകം മൂലമുള്ള ശാരീരിക പ്രയാസങ്ങളും നേരിട്ടു. അഞ്ഞൂറോളം പേരാണ് ചികിത്സയ്ക്ക് വിധേയരായത്. കൂടാതെ വാതക ചോര്‍ച്ചയെ തുടര്‍ന്ന് വ്യവസായശാലയുടെ പരിസരത്തെ ഗ്രാമത്തില്‍ നിന്ന് 3000 പേരെ ഒഴിപ്പിച്ചിരുന്നു.

Top