ലാഹോര്‍: പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ആക്രമണം നടത്തിയ ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ ആസ്ഥാനം ഏറ്റെടുത്തതായ വാര്‍ത്ത തള്ളി പാക്കിസ്ഥാന്‍. ഹവല്‍പുരിലെ മദ്രസയുടെ നിയന്ത്രണം മാത്രമാണ് ഏറ്റെടുത്തതെന്നും ഇതിന് ജെയ്ഷെ മുഹമ്മദുമായി ബന്ധമില്ലെന്നും പാക്കിസ്ഥാന്‍ വാര്‍ത്താ വിതരണ മന്ത്രി ഫവദ് ചൗദരി അറിയിച്ചു.
ഭാവല്‍പൂരിലെ ഒരു മദ്രസയുടെ നിയന്ത്രണമാണ് ഏറ്റെടുത്തതെന്നും അവര്‍ക്ക് ഭീകരവാദ സംഘടനകളുമായി ബന്ധമില്ലെന്നും പാക്കിസ്ഥാന്‍ മന്ത്രി ഫവാദ് ചൗധരി പറഞ്ഞു. ജെയ്ഷെ മുഹമ്മദിന്റെ ആസ്ഥാനമാണെന്നത് ഇന്ത്യയുടെ പ്രചരണമാണെന്നും ഫവദ് ചൗദരി പറഞ്ഞു. കഴിഞ്ഞദിവസം ജെയ്ഷെ മുഹമ്മദ് ആസ്ഥാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തെന്ന് പറഞ്ഞ പാക്കിസ്ഥാന്‍ മണിക്കൂറുകള്‍ക്കകമാണ് സ്വന്തം അവകാശവാദം തിരുത്തിയത്.
പുല്‍വാമ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയടക്കം ശക്തമായി രംഗത്തുവന്നതോടെയാണ് ഭാവല്‍പൂരിലെ ജെയ്ഷെ ആസ്ഥാനം പിടിച്ചടക്കിയതായി പാക്കിസ്ഥാന്‍ അറിയിച്ചത്. ജെയ്ഷെ മുഹമ്മദിന്റെ ആസ്ഥാനമായി കരുതപ്പെടുന്ന മതപാഠശാല പാക്കിസ്ഥാനി പഞ്ചാബ് പ്രവിശ്യാ ഭരണകൂടം ഏറ്റെടുത്തെന്നായിരുന്നു വാര്‍ത്ത. ഇതിന്റെ ഭരണച്ചുമതല ഒരു അഡ്മിനിസ്ട്രേറ്റര്‍ക്കു നല്കിയെന്നും കാമ്പസിലെ സുരക്ഷാചുമതല പഞ്ചാബ് പൊലീസിനെ ഏല്പിച്ചെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഏകദേശം അറുനൂറോളം വിദ്യാര്‍ഥികളും 70 അധ്യാപകരും താമസിക്കുന്ന മദ്രസാ ക്യാമ്പസിന്റെ നിയന്ത്രണമാണ് പഞ്ചാബ് പ്രവിശ്യ സര്‍ക്കാര്‍ ഏറ്റെടുത്തതെന്നും ക്യാമ്പസ് പൊലീസിന്റെ സുരക്ഷാവലയത്തിലാണെന്നും പാക്കിസ്ഥാന്‍ അറിയിച്ചിരുന്നു. എന്നാല്‍ ഈ അവകാശവാദങ്ങളെല്ലാം പൂര്‍ണമായി തള്ളിക്കൊണ്ടാണ് പാക്കിസ്ഥാന്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.