കീവ്: യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തിനെതിരേ യു.എന്‍. രക്ഷാ സമിതിയില്‍ ഇന്ത്യ തങ്ങള്‍ക്ക് രാഷ്ട്രീയ പിന്തുണ നല്‍കണമെന്നു യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ഥിച്ചു.
ഇന്ന് ടെലിഫോണില്‍ മോദിയുമായി സംസാരിച്ച സെലന്‍സ്‌കി രാജ്യത്തെ സാഹചര്യങ്ങള്‍ വിശദീകരിച്ചു. ഏകദേശം ഒരു ലക്ഷത്തോളം റഷ്യന്‍ സൈനികര്‍ രാജ്യത്ത് അതിക്രമിച്ചു കടന്നിരിക്കുകയാണെന്നും സാധാരണക്കാരായ പൗരന്മാര്‍ക്കു നേരെയും അവര്‍ വെടിയുതിര്‍ക്കുന്നുവെന്നും സാഹചര്യങ്ങള്‍ അതീവ ഗുരുതരമാണെന്നും സെലന്‍സ്‌കി അറിയിച്ചു.
യു.എന്‍. രക്ഷാ സമിതിയില്‍ വിഷയം അവതരിപ്പിക്കുമ്പോള്‍ ഇന്ത്യയുടെ ഭാഗത്തു നിന്നു പിന്തുണ ഉണ്ടാകണമെന്നും അധിനിവേശം അവസാനിപ്പിക്കാന്‍ ഒപ്പമുണ്ടാകണമെന്നും സെലന്‍സ്‌കി അഭ്യര്‍ഥിച്ചു. യുക്രൈന്‍ പ്രസിഡന്റ് തന്നെയാണ് ഇന്ത്യയുടെ സഹായം അഭ്യര്‍ഥിച്ച കാര്യം ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്.
നേരത്തെ ലോകരാജ്യങ്ങള്‍ തങ്ങളെ സഹായിക്കാന്‍ എത്തിയില്ലെന്നു സെലന്‍സ്‌കി പറഞ്ഞിരുന്നു. 23 ലോക നേതാക്കളുമായി സംസാരിച്ചുവെന്നും എന്നാല്‍ ആരും സൈനികമായി പിന്തുണ നല്‍കാനോ റഷ്യന്‍ നീക്കത്തെ അപലപിക്കാനോ തയാറായില്ലെന്നായിരുന്നു സെലന്‍സ്‌കി പരാതിപ്പെട്ടത്. ഇതിനു പിന്നാലെയാണ് അദ്ദേഹം മോദിയെ നേരിട്ടു വിളിച്ചു സംസാരിച്ചത്.