സ്ട്രാസ്ബര്‍ഗ്: യുക്രെയ്‌നെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കി. സ്വന്തം നാടിനും സ്വാതന്ത്ര്യത്തിനും വേണ്ടിയാണ് തങ്ങളുടെ പോരാട്ടമെന്നും സെലന്‍സ്‌കി പറഞ്ഞു.
കരുത്തരാണെന്ന് ഞങ്ങള്‍ തെളിയിച്ചു. യൂറോപ്യന്‍ രാജ്യങ്ങള്‍ തങ്ങള്‍ക്കൊപ്പമാണെന്ന് തെളിയിക്കണമെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്യന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തു സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
റഷ്യയുമായുള്ള യുദ്ധത്തില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ തങ്ങള്‍ക്കൊപ്പമാണെന്ന് തെളിയിക്കണമെന്ന് സെലന്‍സ്‌കി ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ വഴി നടത്തിയ അദ്ദേഹത്തിന്റെ പ്രതികരണത്തിന് പിന്നാലെ യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ എഴുന്നേറ്റുനിന്ന് കൈയടിച്ചു.
” ഗുഡ്‌മോണിങ്ങെന്നോ ഗുഡ്‌നൈറ്റെന്നോ പറയാനാവാത്ത വിധം രാത്രികളും പ്രഭാതങ്ങളും എന്റെ ജനതയ്ക്ക് മുന്നില്‍ ദുരന്തം നിറഞ്ഞതായിരിക്കുന്നു” സ്വന്തം മണ്ണിന്റെ സ്വാതന്ത്ര്യത്തിനായി ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ ഫലസ്തീന്‍ തലവന്‍ യാസര്‍ അറാഫത്ത് നടത്തിയ പ്രസംഗത്തെ ഓര്‍മ്മിപ്പിക്കുന്നതായി, രാജ്യം കത്തിയെരിയുമ്പോള്‍ യൂറോപ്യന്‍ പാര്‍ലമെന്റിന് മുന്നിലുള്ള സെലന്‍സ്‌കിയുടെ വാക്കുകള്‍.
റഷ്യ നടത്തിയ ക്രൂരതകള്‍ വിവരിക്കുമ്പോള്‍ ഇടയ്ക്ക് പൂര്‍ത്തിയാക്കാനാകാതെ വിതുമ്പിപ്പോയി പരിഭാഷകന്‍. അപ്പോഴും ജനതയുടെ പോരാട്ട വീര്യമുയര്‍ത്തിപ്പിടിച്ച് നായകന്റെ വാക്കുകള്‍. ‘സ്വാതന്ത്ര്യ ചത്വരം വരെ റഷ്യ തകര്‍ത്തു. 16 കുഞ്ഞുങ്ങള്‍ മരിച്ചു. ഇവര്‍ ഏത് സൈനിക യൂണിറ്റില്‍ നിന്നുള്ളവരാണ്.’ സെലന്‍സ്‌കി ചോദിച്ചു.
‘നിങ്ങളില്ലെങ്കില്‍ ഞങ്ങളൊറ്റയ്ക്കാകാന്‍ പോകുന്നു’വെന്ന് പറഞ്ഞാണ് സെലന്‍സ്‌കി യുറോപ്യന്‍ യൂണിയന്റെ പിന്തുണ തേടിയത്. അംഗത്വത്തിനായി യുെ്രെകന്‍ ഇന്നലെ അപേക്ഷ നല്‍കിയിരുന്നു. ‘ഇരുട്ടിന് മേല്‍ വെളിച്ചമായി, മരണത്തിന് മേല്‍ ജീവിതമായി പൊരുതി നില്‍ക്കും, വിജയിക്കും. തോല്‍ക്കുകയില്ലെ’ന്നാവര്‍ത്തിച്ചാണ് സെലന്‍സ്‌കി പ്രസംഗമവസാനിപ്പിച്ചത്. ഒന്നടങ്കം എഴുന്നേറ്റു നിന്ന് കൈയടിച്ചാണ് യൂറോപ്യന്‍ പാര്‍ലമെന്റ് സെലന്‍സ്‌കിക്ക് പിന്തുണയറിയിച്ചത്.