ലോകത്തില്‍ ആദ്യമായി മുഴുവനായും 3ഡി പ്രിന്റിംഗില്‍ നിര്‍മ്മിച്ച ബസ് അമേരിക്കയില്‍ പുറത്തിറങ്ങി. വാഹനങ്ങളുടെ ഭാഗങ്ങള്‍ നിര്‍മിക്കുന്നതിന് മാത്രമാണ് 3ഡി പ്രിന്റിംഗ് സാങ്കേതിക വിദ്യ മോട്ടോര്‍ വാഹന നിര്‍മാതാക്കള്‍ നിലവില്‍ ഉപയോഗിച്ചിരുന്നത്.
ഇതോടൊപ്പം തന്നെ ഈ വാഹനം പൂര്‍ണമായും സ്വയം നിയന്ത്രിതമാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ് സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തനം. ‘ ഒല്ലി ‘ എന്ന പേരാണ് അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ലോക്കല്‍ മോട്ടോഴ്‌സ് ഇതിന് നല്‍കിയിരിക്കുന്നത്.
ഡ്രൈവറുടെ ആവശ്യമില്ലാതെ പ്രവൃത്തിക്കാന്‍ സാധിക്കുന്ന ഒല്ലി 12 പേര്‍ക്ക് യാത്ര ചെയ്യാനാവുന്ന ഇലക്ട്രിക് ബസാണ്. യാത്രക്കാരുടെ അഭിരുചിക്കനുസൃതമായി യാത്രകളും ഇറങ്ങേണ്ട സ്ഥലവും മറ്റും നിയന്ത്രിക്കുന്നത് ‘വാട്ട്‌സണ്‍’ എന്ന പേരില്‍ ടെക്‌നോളജി ഭീമന്മാരായ ഐ ബി എം നിര്‍മ്മിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ് സിസ്റ്റമാണ്.
യാത്ര ചെയ്യുന്നവര്‍ക്കാവശ്യമായ വിവരങ്ങളും അടുത്തുള്ള റസ്റ്റോറന്റുകളുടെയും മറ്റു സ്ഥലങ്ങളുടെയും, കാലാവസ്ഥ, ബസ് പോകുന്ന വഴിയെക്കുറിച്ചുള്ള വിവരങ്ങള്‍ എന്നിവ ഐ ബിഎമ്മിന്റെ ക്ലൌഡ് സിസ്റ്റത്തിലൂടെ വാട്ട്‌സണ്‍ ലഭ്യമാക്കും.
സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിനായി 30 ഓളം സെന്‍സറുകളാണ് ലോക്കല്‍ മോട്ടോഴ്‌സ് ഈ ബസില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. നിയമനടപടികള്‍ പൂര്‍ത്തിയായാലുടന്‍ ഈ ബസുകളുടെ നിരത്തുകളിലെ പരീക്ഷണ യാത്ര നടത്തുവാന്‍ തയാറെടുക്കുകയാണ് ലോക്കല്‍ മോട്ടേഴ്‌സ്.
3ഡി പ്രിന്റിംഗ് ഉപയോഗിച്ച് പൂര്‍ണമായും വാഹനം നിര്‍മിക്കുന്നത് വളരെയധികം സുരക്ഷിതവും ലാഭകരവുമാണെന്നാണ് കണക്കുകൂട്ടുന്നത്.
അതോടൊപ്പം തന്നെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഉപയോഗം വാഹനവിപണിയില്‍ ഒരു പുതിയ തരംഗം സൃഷ്ടിക്കുമെന്നാണ് ലോക്കല്‍ മോട്ടേഴ്‌സ് കണക്കുകൂട്ടുന്നത്.