ന്യൂഡല്‍ഹി : മെഡിക്കല്‍ പ്രവേശനത്തിനുളള സമയപരിധി ഏഴു വരെ നീട്ടി. അടുത്ത വെള്ളിയാഴ്ച വരെ പ്രവേശനം നടത്താമെന്ന് സുപ്രീം കോടതി അറിയിച്ചു.
സംസ്ഥാനസര്‍ക്കാരിന്റെ ആവശ്യത്തെത്തുടര്‍ന്നാണ് തീരുമാനം. ചില സ്വാശ്രയ കോളജുകളിലെ പ്രവേശനം ഇനിയും പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണിത്.
അതേസമയം, കരുണ മെഡിക്കല്‍ കോളജിനെതിരെ ജയിംസ് കമ്മിറ്റി സുപ്രിം കോടതിയെ സമീപിച്ചു. ആവശ്യപ്പെട്ട രേഖകള്‍ കരുണ കൈമാറുന്നില്ലെന്നാണ് ജയിംസ് കമ്മിറ്റിയുടെ പരാതി.
മാനേജ്‌മെന്റുകള്‍ക്കു സ്വന്തം നിലയില്‍ പ്രവേശനം നടത്താന്‍ ഹൈക്കോടതി നല്‍കിയ അനുമതി സുപ്രീം കോടതി റദ്ദാക്കിയതോടെ കെഎംസിസിടി മെഡിക്കല്‍ കോളജിന് അനുവദിച്ച 150 സീറ്റിലേക്കു സര്‍ക്കാര്‍ പ്രവേശനം നടത്തേണ്ട സാഹചര്യമുണ്ടായി.
ഗോകുലം മെഡിക്കല്‍ കോളജിന് 100 സീറ്റിനു കൂടി അംഗീകാരം ലഭിച്ചിട്ടുണ്ടെങ്കിലും അതു വിധിക്കു മുന്‍പേയാണ്. ഇതില്‍ 50 സര്‍ക്കാര്‍ സീറ്റ് ഇന്നു തിരുവനന്തപുരത്തു സ്‌പോട് അഡ്മിഷനില്‍ പ്രവേശന പരീക്ഷാ കമ്മീഷണര്‍ നികത്തുന്നുണ്ട്. മാനേജ്‌മെന്റ് സീറ്റ് അവര്‍ നേരത്തെ നികത്തിയിട്ടുണ്ടെങ്കില്‍ പ്രശ്‌നമില്ല. ഇല്ലെങ്കില്‍ അതും സര്‍ക്കാര്‍ നികത്തണം.
ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിനു കീഴിലുള്ള കോളജുകളിലെ മൂന്ന് ഒഴിവുകള്‍ അവര്‍ പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഇത് നീറ്റ് റാങ്ക് പട്ടികയില്‍ നിന്ന് അപേക്ഷ സ്വീകരിച്ചു നികത്തണം. മെഡിക്കല്‍ പ്രവേശനം പൂര്‍ത്തിയാക്കുന്നതിനുള്ള സമയ പരിധി അവസാനിക്കുന്ന ഇന്ന് ഇതെല്ലാം പൂര്‍ത്തിയാക്കാനാവില്ല. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ സമയം നീട്ടി ചോദിച്ചത്. മഹാരാഷ്ട്രയ്ക്ക് അടുത്ത ഏഴുവരെ സമയം നീട്ടി നല്‍കിയിരുന്നു.