തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ കോളേജുകളിലെ മെഡിക്കല്‍ പ്രവേശനത്തില്‍ സര്‍ക്കാര്‍ തീരുമാനത്തെ അവഗണിച്ച് മാനേജ്‌മെന്റുകള്‍.
മെഡിക്കല്‍ സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് മാനേജ്‌മെന്റുകള്‍ സ്വന്തം നിലയ്ക്ക് നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായി കോളേജുകളിലെ മാനേജ്‌മെന്റ് സീറ്റുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സ്വാശ്രയ കൊളേജുകളിലെ മെഡിക്കല്‍ പ്രവേശനം പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുത്ത സാഹചര്യത്തിലാണ് മാനേജ്‌മെന്റുകള്‍ ഈ നീക്കം നടത്തിയിരിക്കുന്നത്.
മാനേജ്‌മെന്റ് സീറ്റുകളിലെ പ്രവേശന നടപടിക്രമങ്ങള്‍ വിശദീകരിച്ച് മാനേജ്‌മെന്റുകള്‍ മാധ്യമങ്ങളില്‍ പരസ്യം നല്‍കിയിട്ടുണ്ട്. എംഇഎസ്, ഗോകുലം, മലബാര്‍, ഒറ്റപ്പാലം കോളേജുകളാണ് പരസ്യം നല്‍കിയിരിക്കുന്നത്. അംഗീകാരം ഇല്ലാത്ത പ്രോസ്‌പെക്ടസുമായാണ് സ്വകാര്യ മാനേജ്‌മെന്റുകള്‍ പ്രവേശന നടപടികള്‍ ആരംഭിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ കോളെജുകളിലെ മുഴുവന്‍ സീറ്റുകളിലേക്കും പ്രവേശനം നടത്താനുള്ള അധികാരം ഈ മാസം 20 ന് സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. 50 ശതമാനം സീറ്റുകളില്‍ സംസ്ഥാന പ്രവേശന പരീക്ഷകളുടെ അടിസ്ഥാനത്തിലും 50 ശതമാനം മാനേജ്‌മെന്റ് സീറ്റുകളില്‍ അഖിലേന്ത്യാ പ്രവേശന പരീക്ഷയായ നീറ്റിന്റെ അടിസ്ഥാനത്തിലുമായിരിക്കും ഇനി മുതല്‍ പ്രവേശനം നടത്തുക. ഇത് സംബന്ധിച്ച ഉത്തരവും സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു.
എന്‍ആര്‍ഐ സീറ്റുകളിലും ഇനി മുതല്‍ സര്‍ക്കാര്‍ നേരിട്ടാവും പ്രവേശനം നടത്തുക. എന്‍ആര്‍ഐ മാനേജ്‌മെന്റ് ക്വാട്ടയിലെ പ്രവേശനം ദേശീയ പൊതുപരീക്ഷയായ നീറ്റ് പരീക്ഷയെ അടിസ്ഥാനമാക്കി നടത്തും.
എന്നാല്‍ സര്‍ക്കാര്‍ നടപടി ന്യൂനപക്ഷ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി മാനേജ്‌മെന്റുകള്‍ ശക്തമായി രംഗത്തെത്തിയിരുന്നു