തിരുവനന്തപുരം : സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ഫീസ് വര്‍ധനവില്‍ പ്രതിഷേധിച്ചു നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ചോദ്യോത്തര വേള മുതലാണ് ബഹളം ആരംഭിച്ചത്. അതിനെ തുടര്‍ന്ന് സഭ ഇന്നത്തേക്കു പിരിഞ്ഞു.
പുറത്തിറങ്ങിയ പ്രതിപക്ഷാംഗങ്ങള്‍ നിയമസഭയ്ക്കുള്ളിലെ കവാടത്തിന്റെ മുന്നില്‍ പ്രതിഷേധിച്ചു.
അതേസമയം, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സഭയില്‍ പ്രസംഗിക്കുന്നതിനിടയില്‍ മൈക്ക് ഓഫ് ചെയ്തു. ഇതേത്തുടര്‍ന്ന് ചെന്നിത്തലയും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായി.
ചോദ്യോത്തരവേളയില്‍ പ്രസംഗിക്കാന്‍ അനുവാദം നല്‍കിയില്ലെന്നും ചെന്നിത്തല അറിയിച്ചു. മുന്‍പ് ഇത്തരം അവസരങ്ങളിലെല്ലാം സംസാരിക്കാന്‍ അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി.എസ്.അച്യുതാനന്ദനെ അനുവദിച്ചിരുന്ന കാര്യം ചെന്നിത്തല ചൂണ്ടിക്കാട്ടി.
എന്നാല്‍, ഇതെല്ലാം തന്നോടല്ല പറയേണ്ടതെന്ന് സ്പീക്കര്‍ അറിയിച്ചു. പിന്നെ ആരോടു പറയുമെന്ന് ചെന്നിത്തല ചോദിച്ചു. മുഖ്യമന്ത്രി ഇന്നലെ നടത്തിയ പ്രസ്താവന സഭാരേഖകളില്‍നിന്നു നീക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
പ്രതിപക്ഷം നടുത്തളത്തില്‍ ഇരുന്നു പ്രതിഷേധിച്ചു. സ്പീക്കറുടെ ചെയറിന്റെ അടുത്തെത്തിയായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം.
എന്നാല്‍ ഇതു കണക്കിലെടുക്കാതെ ചോദ്യോത്തരവേളയുമായി മുന്നോട്ടു പോയെങ്കിലും പ്രതിഷേധം കനത്തതോടെ സഭ പിരിയുകയായിരുന്നു.
അതേസമയം, യുഡിഎഫ് സമരത്തിനു കേരള കോണ്‍ഗ്രസ് (എം) പരോക്ഷപിന്തുണ നല്‍കി. ചോദ്യോത്തര വേളയില്‍ റോഷി അഗസ്റ്റിനോടു സ്പീക്കര്‍ ചോദ്യം ഉന്നയിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം തയ്യാറായില്ല.