തിരുവനന്തപുരം: സ്വാശ്രയ പ്രശ്‌നത്തില്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ വിളിച്ചു ചേര്‍ത്ത കക്ഷി നേതാക്കളുടെ യോഗം സമവായമാകാതെ പിരിഞ്ഞു.
ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരത്തില്‍ നിന്നും പിന്മാറില്ലെന്ന് പ്രതിപക്ഷം സ്പീക്കറെ അറിയിച്ചു. സര്‍ക്കാരും വിഷയത്തില്‍ വിട്ടുവീഴ്ചയ്ക്ക് വഴങ്ങാതെ വന്നതോടെയാണ് ചര്‍ച്ച പരാജയമായത്. സ്പീക്കര്‍ വിളിച്ച കക്ഷി നേതാക്കളുടെ യോഗത്തില്‍ നിന്നും മുഖ്യമന്ത്രി വിട്ടുനിന്നതും ശ്രദ്ധേയമായി.
സര്‍ക്കാരിന്റെ സ്വാശ്രയ കൊള്ളയ്ക്ക് കൂട്ടുനില്‍ക്കാന്‍ പ്രതിപക്ഷത്തെ കിട്ടില്ലെന്ന് യോഗത്തിന് ശേഷം രമേശ് ചെന്നിത്തല പറഞ്ഞു. പരിയാരം മെഡിക്കല്‍ കോളജില്‍ ഫീസ് കുറച്ചാല്‍ പ്രതിപക്ഷം സമരം അവസാനിപ്പിക്കുമെന്ന മാധ്യമവാര്‍ത്തകള്‍ വസ്തുതാവിരുദ്ധമാണ്.
സ്വാശ്രയ മാനേജ്‌മെന്റുകളുമായി ചേര്‍ന്ന് സര്‍ക്കാര്‍ സംസ്ഥാനത്ത് കൊള്ള നടത്തുകയാണ്. ചര്‍ച്ചയുടെ വാതിലുകള്‍ പ്രതിപക്ഷം അടയ്ക്കില്ലെന്നും ചര്‍ച്ചയ്ക്ക് മുന്‍കൈയെടുക്കേണ്ടത് സര്‍ക്കാരാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.