self-financing-medical-college-admission-issue-Kerala-CM Pinarayi-stand-in-strong

തിരുവനന്തപുരം: വിദ്യാര്‍ത്ഥി പ്രവേശനത്തിന് വന്‍തുക തലവരിപ്പണം വാങ്ങുന്നതിനെതിരെ മുഖ്യമന്ത്രി കര്‍ശന നടപടിക്ക് നിര്‍ദ്ദേശം നല്‍കിയതിന്റെ പശ്ചാത്തലത്തില്‍ വിജിലന്‍സ് ശക്തമായ നടപടിക്കൊരുങ്ങുന്നു.

വിജിലന്‍സ് ഉദ്യോഗസ്ഥരുടെ നിയമനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ വിദ്യാഭ്യാസ രംഗത്തും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം.

സര്‍ക്കാര്‍ ശമ്പളത്തോടെ പ്രവര്‍ത്തിക്കുന്ന മാനേജ്‌മെന്റ് സ്ഥാപനങ്ങളോടൊപ്പം തന്നെ സ്വാശ്രയ കോളേജുകളില്‍ ഫീസിന് പുറമെ വന്‍തുക കോഴ വാങ്ങിയാലും വിജിലന്‍സ് ഇടപെടും.

മാനേജ്‌മെന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാഭ്യാസ കച്ചവടം അവസാനിപ്പിക്കുക എന്നതാണ് പ്രധാനമായും സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

സ്വാശ്രയ മെഡിക്കല്‍-ഡെന്റല്‍ മാനേജ്‌മെന്റുകള്‍ക്ക് കീഴില്‍ നിരവധി എയ്ഡഡ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ മെഡിക്കല്‍ പ്രവേശനം സംബന്ധിച്ച് സര്‍ക്കാരുമായി ഏറ്റുമുട്ടല്‍ തുടര്‍ന്നാല്‍ കുരുക്ക് വീഴുമെന്ന ഭീതി പല മാനേജ്‌മെന്റുകള്‍ക്കുമുണ്ട്.

തിങ്കളാഴ്ച ആരോഗ്യമന്ത്രിയുമായി സ്വാശ്രയ മെഡിക്കല്‍ കോളേജ് മാനേജ്‌മെന്റ്‌സ് അസോസിയേഷന്‍ നടത്തുന്ന ചര്‍ച്ച അതുകൊണ്ട് തന്നെ ഏറെ നിര്‍ണ്ണായകമാണ്.

മെഡിക്കല്‍ സീറ്റിനായി കോടിരൂപ വരെ തലവരിപ്പണം വാങ്ങുന്ന സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ സംസ്ഥാനത്തുണ്ട്.

നല്ലൊരു വിഭാഗം സീറ്റുകളിലും ‘കച്ചവടം’ നടക്കുന്നത് ബ്ലാക്ക് മണിയിലൂടെയാണ് എന്ന ആരോപണമുള്ളതിനാല്‍ ഇതുസംബന്ധമായി വിജിലന്‍സ് പിടിമുറുക്കുകയും ലോക്കല്‍ പൊലീസുമായി ചേര്‍ന്ന് ഓപ്പറേഷന്‍ നടത്തുകയും ചെയ്താല്‍ അത് വിദ്യാഭ്യാസ കച്ചവട സ്ഥാപനങ്ങള്‍ക്ക് കനത്ത പ്രഹരമാകും.

ഇങ്ങനെ പിടികൂടുന്ന പണം പൊലീസ് എന്‍ഫോഴ്‌സ്‌മെന്റിന് കൈമാറിയാല്‍ കേന്ദ്രം വിചാരിച്ചാല്‍ പോലും അതില്‍ നിന്ന് ഊരി പോവുക എളുപ്പമല്ല.

തലവരിപ്പണം ചോദിക്കുന്നത് സംബന്ധമായി നേരത്തെ പല ഒളിക്യാമറ ഓപ്പറേഷനുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കുടുങ്ങിയതിനാല്‍ വളരെ സൂക്ഷിച്ചാണ് ഇപ്പോഴത്തെ ഇടപാടുകള്‍.

മുഖ്യമന്ത്രിയുടെ നിലവിലെ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥി പ്രവേശനത്തിനെന്ന പേരില്‍ കുരുക്കാനായി വിജിലന്‍സോ അതല്ലെങ്കില്‍ മറ്റ് ആളുകളോ വന്നാല്‍ എങ്ങനെ തിരിച്ചറിയും എന്ന കാര്യത്തിലും മാനേജ്‌മെന്റുകള്‍ക്ക് ആശങ്കയുണ്ട്.

സര്‍ക്കാരുമായി ഏറ്റുമുട്ടലിന്റെ പാതയിലേക്ക് തിരിഞ്ഞാല്‍ വന്‍ വിലകൊടുക്കേണ്ടി വരുമെന്ന മുന്നറിയിപ്പ് നിയമോപദേശകരും ഇതിനകം തന്നെ നല്‍കിയിട്ടുണ്ട്.

യുഡിഎഫ് സര്‍ക്കാരിനെ ഭീഷണിപ്പെടുത്തിയത് പോലെ ഇടത് സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തി കാര്യം നേടിക്കളയാമെന്ന് ആരും കരുതേണ്ടതില്ലെന്നാണ് മുഖ്യമന്ത്രി പിണറായിയുടെ നിലപാട്.

എസ്എന്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ അടുത്തയിടെ കൊല്ലം പുനലൂരില്‍ നടന്ന ചടങ്ങില്‍ വെള്ളാപ്പള്ളി നടേശനെ സാക്ഷി നിര്‍ത്തി തന്നെ വിദ്യാഭ്യാസ കച്ചവടത്തിനെതിരെ പിണറായി ആഞ്ഞടിച്ചിരുന്നു.

ഭൂരിപക്ഷ-ന്യൂനപക്ഷ സമുദായങ്ങളുടേത് ഉള്‍പ്പെടെ സ്വകാര്യമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന എല്‍കെജി മുതല്‍ പ്രൊഫഷണല്‍ കോളേജുകള്‍ വരെയുള്ള മിക്ക സ്ഥാപനങ്ങളിലെയും വിദ്യാര്‍ത്ഥി പ്രവേശങ്ങള്‍ക്ക് എല്ലാ അദ്ധ്യയന വര്‍ഷവും ലക്ഷങ്ങളാണ് തലവരിപ്പണമായി വാങ്ങുന്നത്.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാന ഭരണത്തെ തന്നെ നിയന്ത്രിച്ചിരുന്നതില്‍ പ്രധാനികളായിരുന്നു എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരും എസ്എന്‍ ട്രസ്റ്റ് ചെയര്‍മാന്‍ കൂടിയായ വെള്ളാപ്പള്ളി നടേശനും.

മുസ്ലീം-ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍ക്കും ശക്തമായ സ്വാധീനം യുഡിഎഫ് സര്‍ക്കാരിലുണ്ടായിരുന്നു. അത്‌കൊണ്ട് തന്നെ ഇവര്‍ തലവരിപ്പണം പിരിക്കുന്നതില്‍ അധികൃതര്‍ കണ്ണടക്കുകയായിരുന്നു.

കഴിഞ്ഞകാലങ്ങളിലെ ഈ പതിവ് രീതിയാണ് ഇപ്പോള്‍ പിണറായി മാറ്റിമറിക്കാന്‍ ഒരുങ്ങുന്നത്. പണമില്ലാത്തതിന്റെ പേരില്‍ മെറിറ്റ് ലിസ്റ്റില്‍ മുന്‍നിരയിലെത്തിയിട്ടും തഴയപ്പെട്ട നിരവധി പേരുടെ സ്വപ്നങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ് മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ പ്രഖ്യാപനം.

Top