സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ ഫീസ് പുനഃര്‍നിര്‍ണയത്തിനെതിരെ കേരള സര്‍ക്കാര്‍

ന്യൂഡല്‍ഹി: കേരളത്തിലെ സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ ഫീസ് പുനഃര്‍നിര്‍ണയിക്കാനുള്ള ഹൈക്കോടതി നീക്കത്തിന് എതിരെ സംസ്ഥാന സര്‍ക്കാര്‍. ഫീസ് പുനര്‍നിര്‍ണയത്തിനെതിരെ സുപ്രീംകോടതിയെയാണ് സമീപിച്ചത്.ഫീസ് പുനഃനിര്‍ണയിക്കാന്‍ ഹൈക്കോടതിക്ക് അധികാരം ഇല്ല. ഫീസ് നിര്‍ണയ സമിതിയുടെ അധികാരം കവര്‍ന്നെടുക്കാനുള്ള ഹൈക്കോടതി നടപടി തെറ്റാണെന്നും സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

2016-17, 2017-18, 2018-19 അധ്യയന വര്‍ഷങ്ങളിലേക്ക് ഫീസ് നിര്‍ണയ സമിതി സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലേക്ക് കണക്കാക്കിയ ഫീസ് പുനര്‍നിര്‍ണയിക്കാനാണ് ഹൈക്കോടതി നടപടി ആരംഭിച്ചത്. ഇതിനായി ഫീസ് നിശ്ചയിക്കുന്നതിനുള്ള രേഖകള്‍ ഹാജരാക്കാന്‍ കഴിഞ്ഞ മാസം സ്വകാര്യ മെഡിക്കല്‍ കോളേജുകളോട് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.11 ലക്ഷം മുതല്‍ 17 ലക്ഷം രൂപ വരെയായിരുന്നു കോളേജുകള്‍ ആവശ്യപ്പെട്ട ഫീസ്.

നടത്തിപ്പു ചെലവ് സംബന്ധിച്ച് കോളേജുകള്‍ ഹാജരാക്കിയ രേഖകള്‍ പരിശോധിച്ച ഫീസ് നിര്‍ണയ സമിതി നാലരലക്ഷം മുതല്‍ അഞ്ചരലക്ഷം വരെ ഫീസ് നിശ്ചയിച്ചിരുന്നു. സമിതി നിശ്ചയിച്ച ഫീസ് 2019 ല്‍ ഹൈക്കോടതി റദ്ദാക്കിയിരുന്നു.
കോളേജുകള്‍ സമര്‍പ്പിക്കുന്ന രേഖകള്‍ കൂടി പരിശോധിച്ച ശേഷം വീണ്ടും ഫീസ് നിശ്ചയിക്കാന്‍ സമിതിയോട് ഹൈക്കോടതി അവശ്യപെട്ടിരുന്നു. എന്നാല്‍ മുന്‍ നിശ്ചയിച്ച ഫീസ് സമിതി വീണ്ടും ആവര്‍ത്തിച്ചു. ഇതിന് എതിരെ മാനേജുമെന്റുകള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി തന്നെ ഫീസ് നിര്‍ണയിക്കാന്‍ നടപടി തുടങ്ങിയത്.

Top