വാഷിംഗ്ടണ്‍: സംഘര്‍ഷാവസ്ഥയുടെ തീവ്രത കൂട്ടുന്നത് ഇന്ത്യയാണെന്ന പാക് വാദത്തിന് മറുപടിയുമായി ഇന്ത്യ രംഗത്ത് . കശ്മീരിനു വേണ്ടിയുള്ള പാകിസ്താന്റെ ദാഹം അവസാനിപ്പിക്കണമെന്ന് ഇന്ത്യയുടെ യു.എന്‍ സ്ഥിര പ്രതിനിധി സെയ്ദ് അക്ബറുദ്ദീന്‍ തിരിച്ചടിച്ചു.
യുഎന്നിലെ പാക് പ്രതിനിധി മലീഹ ലോദിയുടെ പ്രസ്താവനയെ തള്ളിക്കളഞ്ഞു കൊണ്ടാണ് ജനറല്‍ അസംബ്ലി സംവാദത്തില്‍ സെയ്ദ് സംസാരിച്ചത്.
‘പാകിസ്താനോടുള്ള ഞങ്ങളുടെ നിലപാട് മാറ്റമില്ലാത്തതാണ്. വ്യര്‍ത്ഥമായ ദാഹം ഉപേക്ഷിക്കുക. ജമ്മു -കശ്മീര്‍ സംസ്ഥാനം ഇന്ത്യയുടെ അവിഭാജ്യഘടകമാണ്. അങ്ങനെ തന്നെ തുടരും.” അന്താരാഷ്ട്ര വേദികള്‍ അനാവശ്യമായി ഉപയോഗിക്കുന്നതു മൂലം പാകിസ്താന് യാഥാര്‍ത്ഥ്യത്തെ മാറ്റാന്‍ കഴിയില്ലെന്ന് സെയ്ദ് പറഞ്ഞു. ”തീവ്രവാദത്തിന്റെ കേന്ദ്രസ്ഥാനമായ പാകിസ്താന്റെ വാദങ്ങള്‍ക്ക് അന്താരാഷ്ട്ര സമൂഹത്തില്‍ നിന്നും ഒരു പ്രതിഫലനവും ലഭിക്കില്ല. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് ജനറല്‍ അസംബ്ലിയില്‍ ഉന്നയിച്ച കശ്മീര്‍ പ്രശ്‌നത്തിനും പിന്തുണ ലഭിക്കില്ല.” അദ്ദേഹം പറഞ്ഞു.
”കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഇന്ത്യ പ്രകോപനമില്ലാതെ നിയന്ത്രണ രേഖയ്ക്ക് അടുത്ത് ഷെല്ലിംഗ് നടത്തുകയാണ്. ഇപ്പോഴും അത് തുടരുകയാണ്. ഞാന്‍ സംസാരിക്കുമ്പോഴും. ചര്‍ച്ചകള്‍ക്ക് തയ്യാറാണെങ്കിലും ന്യൂഡല്‍ഹി അതിന് തയ്യാറാവുന്നില്ല. കാരണം ഇന്ത്യയാണ് സംഘര്‍ഷങ്ങളുടെ തീവ്രത വര്‍ദ്ധിപ്പിക്കുന്നത്. ഇന്ത്യയിലെയും പാകിസ്തനിലെയും യു.എന്‍ മിലിട്ടറി ഒബ്‌സര്‍വര്‍ ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കാന്‍ ഇന്ത്യ അനുവദിക്കുന്നില്ല. ജമ്മു -കശ്മീരിലെ ജനങ്ങളുടെ അവകാശങ്ങള്‍ നിഷേധിച്ച് വീണ്ടും കശ്മീരില്‍ ഇന്ത്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണെന്നാണ് പാക് പ്രതിനിധി ലോദി സംസാരിച്ചത്.