മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഓഹരികള്‍ വില്‍ക്കുന്നു; സ്ഥിരീകരിച്ച് ക്ലബ്

ലണ്ടന്‍: ഇംഗ്ലീഷ് ഫുട്‌ബോള്‍ ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഓഹരികള്‍ വില്‍ക്കുന്നു. ലണ്ടന്‍ ആസ്ഥാനമായുള്ള ഐ എന്‍ ഇ ഒ എസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജിം റാറ്റ്ക്ലിഫാണ് യുണൈറ്റഡിന്റെ ഓഹരികള്‍ വാങ്ങുന്നത്. ക്ലബ് ഇക്കാര്യം സ്ഥിരീകരിച്ചു. കൂടാതെ 300 മില്യണ്‍ ഡോളര്‍ റാറ്റ്ക്ലിഫ് ക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ചിലവഴിക്കും.

25 ശതമാനം ഓഹരികളാണ് വില്‍ക്കുന്നത്. ഫുട്‌ബോളിന്റെയും ക്ലബിന്റെയും ഉയര്‍ച്ചയ്ക്ക് പുതിയ കരാര്‍ ഉപകരിക്കുമെന്ന് ക്ലബ്ബിന്റെ പ്രതിനിധികള്‍ പ്രതികരിച്ചു. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ വലിയ ആരാധകന്‍ കൂടിയാണ് റാറ്റ്ക്ലിഫ്. ഇഷ്ട ക്ലബിനൊപ്പം പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കുന്നതില്‍ സന്തോഷമുണ്ടെന്ന് റാറ്റ്ക്ലിഫും അറിയിച്ചു. മുമ്പ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ സ്വന്തമാക്കാനുള്ള ശ്രമത്തില്‍ നിന്ന് ഖത്തര്‍ വ്യവസായി ഷെയ്ക്ക് ജസ്സീം പിന്മാറിയിരുന്നു. ഷെയ്ക്ക് ജസ്സീം അവതരിപ്പിച്ച ലേലതുക തള്ളിയതിന് പിന്നാലെ ആയിരുന്നു പിന്മാറ്റം. ക്ലബിന്റെ പൂര്‍ണ്ണ ഉടമസ്ഥതയും ഏറ്റെടുക്കാമെന്നായിരുന്നു ഷെയ്ക്ക് ജസ്സീം വാഗ്ദാനം ചെയ്തത്.

Top