വാഹന പ്രേമികളുടെ മനംകവര്‍ന്ന സെല്‍റ്റോസ് മികച്ച പ്രതികരണവുമായി മുന്നോട്ട്. ഓഗസ്റ്റ് 22ന് നടന്ന വില പ്രഖ്യാപനത്തിന് ശേഷം 6236 യൂണിറ്റ് സെല്‍റ്റോസ് പുറത്തിറങ്ങിയതായി കിയ മോട്ടോഴ്‌സ് വ്യക്തമാക്കി. ഇതോടെ ഇന്ത്യയില്‍ ഏറ്റവും അധികം വില്‍ക്കുന്ന ആദ്യ അഞ്ച് യൂട്ടിലിറ്റി വാഹനങ്ങളുടെ പട്ടികയിലും സെല്‍റ്റോസ് ഇടം പിടിച്ചു.
വില പ്രഖ്യാപിച്ച് കുറച്ച് ദിവസം കൊണ്ട് തന്നെ സെല്‍റ്റോസിന് 35,000 ബുക്കിങ് ലഭിച്ചെന്നു കിയ അറിയിച്ചിരുന്നു. ബുക്കിങ് ആരംഭിച്ച ആദ്യ ദിവസം തന്നെ ആറായിരത്തില്‍ അധികം ഓര്‍ഡറുകള്‍ ലഭിച്ചു. മത്സരക്ഷമമായ വിലനിലവാരത്തിലാണ് ആദ്യ മോഡലായ സെല്‍റ്റോസിനെ കിയ മോട്ടോഴ്‌സ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. 9.69 ലക്ഷം മുതല്‍ 15.99 ലക്ഷം രൂപ വരെയാണ് എസ്.യു.വിയുടെ വിവിധ വകഭേദങ്ങളുടെ ഷോറൂം വില.
മൂന്ന് എന്‍ജിന്‍ സാധ്യതകളും നാല് ഗീയര്‍ബോക്‌സുകളുമായി 16 വകഭേദങ്ങളിലാണു സെല്‍റ്റോസ് ഇന്ത്യയില്‍ വില്‍പനയ്ക്കുള്ളത്. ഇതോടൊപ്പം സെല്‍റ്റോസിന്റെ രണ്ടു പുതിയ വകഭേദം കൂടി പുറത്തിറക്കാനും കിയ മോട്ടോഴ്‌സ് ഇന്ത്യയ്ക്കു പദ്ധതിയുണ്ട്. ഓട്ടമാറ്റിക് ട്രാന്‍സ്മിഷനും 1.4 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനുമായി ‘ജിടിഎക്‌സ് പ്ലസ് ഡിസിടി’യും 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിനോടെ ജിടിഎക്‌സ് പ്ലസ് എ ടിയുമാണ് അണിയറയില്‍ ഒരുങ്ങുന്നത്. ഇരു മോഡലുകളും മൂന്നു മാസത്തിനകം വിപണിയിലെത്തുമെന്നാണു പ്രതീക്ഷ.