തിരുവനന്തപുരം: പത്മവ്യൂഹം ചമച്ച് മുഖ്യമന്ത്രിയെ കൊണ്ടുനടക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ സൂക്ഷിക്കണമെന്ന് മുന്‍ ഡി.ജി.പി ടി.പി. സെന്‍കുമാര്‍. മുഖ്യമന്ത്രിയെ സാധാരണക്കാരില്‍ നിന്ന് അകറ്റാനുള്ള തന്ത്രമാണ് ഉദ്യോഗസ്ഥര്‍ പയറ്റുന്നതെന്നും സെന്‍കുമാര്‍ മുന്നറിയിപ്പ് നല്‍കി.
പൊലീസിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ മുഖ്യമന്ത്രി വിളിച്ച മുന്‍ ഡി.ജി.പിമാരുടെ യോഗത്തിലാണ് സെന്‍കുമാറിന്റെ വിമര്‍ശനം. താന്‍ പറഞ്ഞ കാര്യങ്ങള്‍ അദ്ദേഹം മുഖ്യമന്ത്രിക്ക് എഴുതി നല്‍കുകയും ചെയ്തു.
സെന്‍കുമാറിന്റെ ശത്രുക്കളെല്ലാം സര്‍ക്കാറിന്റെ മിത്രമാണെന്ന് കരുതരുത്. അധികാരകേന്ദ്രങ്ങളെ പ്രീതിപ്പെടുത്താനും തൃപ്തിപ്പെടുത്താനും മാത്രം പ്രവര്‍ത്തിക്കുന്ന ധാരാളം ഉദ്യോഗസ്ഥര്‍ സംസ്ഥാനത്തുണ്ട്. മുഖ്യമന്ത്രിയെ സാധാരണക്കാരില്‍ നിന്ന് അകറ്റുകയാണ് ഇവര്‍ ചെയ്യുന്നത്. അനാവശ്യമായി സുരക്ഷ വര്‍ധിപ്പിക്കുന്നത് അതിന്റെ ഭാഗമാണ്. മുഖ്യമന്ത്രിക്കും പൊലീസ്‌മേധാവിക്കുമിടയില്‍ അനൗദ്യോഗിക ‘ആഭ്യന്തരമന്ത്രി’ ഉണ്ടാകാതിരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.
ചില ഐ.പി.എസ് ഓഫിസര്‍മാര്‍ക്ക് അനധികൃത സമ്പാദ്യവും താല്‍പര്യങ്ങളുമുണ്ടെന്ന് മുഖ്യമന്ത്രി മനസ്സിലാക്കണം. അത്തരക്കാരെ ഭരണം കൈയാളാന്‍ അനുവദിച്ചാല്‍ തിക്തഫലമുണ്ടാകും. പൊലീസ് മേധാവിയെ സഹായിക്കേണ്ട പൊലീസ് ആസ്ഥാനത്തെ ടി ബ്രാഞ്ചില്‍ പോലും ഡി.ജി.പിക്ക് നിയന്ത്രണമില്ല. പൊലീസ് സ്‌റ്റേഷനുകളില്‍ അസോസിയേഷന്‍ നേതാക്കളുടെ ഭരണം കര്‍ശനമായി നിയന്ത്രിച്ചില്ലെങ്കില്‍ പൊലീസ് തന്നെ ഇല്ലാതാകും. എസ്.എച്ച്.ഒ-ഡിവൈ.എസ്.പി പരിഷ്‌കരണം ഒരു പഠനവും നടത്താതെയാണ്. കുറ്റാന്വേഷണം ശരിയായി അറിയാവുന്ന ഉദ്യോഗസ്ഥര്‍ സേനയില്‍ കുറഞ്ഞുവരുന്നതായും അദ്ദേഹം വ്യക്തമാക്കി.