തിരുവനന്തപുരം: ദേവികുളം സബ് കളക്ടറെ ഊളമ്പാറയ്ക്കു വിടണമെന്ന് മന്ത്രി എം.എം മണി. നേരെ ചൊവ്വേ പോയാൽ എല്ലാവർക്കും നല്ലതാണെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
പാപ്പാത്തിച്ചോലയിൽ കുരിശ് പൊളിച്ചത് അയോധ്യക്കു സമാനമാണ്. വിശ്വാസികൾ ഭൂമി കൈയേറിയിട്ടില്ല. സബ്കളക്ടർ ആർഎസ്എസിനു വേണ്ടി ഉപജാപം നടത്തുന്നയാളാണെന്നും അദ്ദേഹം പറഞ്ഞു.
പാപ്പാത്തിചോലയില്‍ സര്‍ക്കാര്‍ സ്ഥലം കൈയേറി സ്ഥാപിച്ച ഭീമന് കുരിശും കെട്ടിടങ്ങളും റവന്യൂസംഘം പൊളിച്ചുമാറ്റിയതിനെ രൂക്ഷമായി മുഖ്യമന്ത്രി പിണറായി വിജയന് വിമര്‍ശിച്ചിരുന്നു. ആരോട് ചോദിച്ചിട്ടാണ് കുരിശില്‍ തൊട്ടതെന്നും സര്‍ക്കാരുള്ള കാര്യം ഓര്‍ക്കാതിരുന്നതെന്തെന്നും മുഖ്യമന്ത്രി ചോദിച്ചിരുന്നു.
മഹാകയ്യേറ്റം എന്ന നിലയില്‍ ഭീകരമായ ഒഴിപ്പിക്കലാണ് നടന്നത്. അനാവശ്യമായ ഒരു വികാരം സൃഷ്ടിക്കലാണ് ഇതിന് പിന്നിലെ ഉദ്ദേശം. കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ കുരിശിനെതിരെ യുദ്ധം നടത്തുന്ന ഒരു സര്‍ക്കാരാണ് എന്ന പ്രതീതി ഉണ്ടാക്കലല്ലേ ഇതിന് പിന്നിലെന്നും പിണറായി ചോദിച്ചിരുന്നു. ജില്ലാ ഭരണകൂടത്തെ വിളിച്ച് മുഖ്യമന്ത്രി ശാസിച്ചിരുന്നു. അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു