നിയമം തെറ്റിച്ചെങ്കില്‍ സഞ്ജയ് ദത്തിനെ വീണ്ടും ജയിലിലേക്ക് അയക്കാമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍

മുംബൈ: തങ്ങള്‍ നിയമം തെറ്റിച്ചു എന്നുണ്ടെങ്കില്‍ നടന്‍ സഞ്ജയ് ദത്തിനെ വീണ്ടും ജയിലിലേക്ക് അയക്കാമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ മുംബൈ ഹൈക്കോടതിയെ അറിയിച്ചു.

1993ലെ മുംബൈ സ്‌ഫോടന കേസില്‍ അഞ്ചുവര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട സഞ്ജയ് ദത്തിനെ നേരത്തെ ജയില്‍ മോചിതനാക്കിയതിനെതിരായ ഹര്‍ജിയില്‍ വിധി പറയവെയാണ് സര്‍ക്കാര്‍ നയം വ്യക്തമാക്കിയത്.

എന്നാല്‍ കോടതിക്ക് പ്രത്യേക താല്‍പര്യമില്ലെന്നും നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ഇക്കാര്യം ചോദിക്കുന്നതെന്നും ആര്‍.എം സാവന്ത്, സാധന ജാദവ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.

ഏര്‍വാഡ ജയിലില്‍ കിടക്കുമ്പോള്‍ ദത്തിന് എന്തിനാണ് തുടരെ തുടരെ പരോള്‍ അനുവദിച്ചതെന്ന് സര്‍ക്കാരോടും ജയില്‍ അധികൃതരോടും കോടതി ചോദിച്ചു.

2003ല്‍ 257 പേര്‍ കൊല്ലപ്പെട്ട മുംബൈ സ്‌ഫോടന കേസില്‍ ആയുധങ്ങള്‍ കൈവശം വെച്ചതിന്റെ പേരിലാണ് 2007ല്‍ സഞ്ജയ് ദത്തിനെ കോടതി ശിക്ഷിച്ചത്.

അഞ്ചു വര്‍ഷം തടവു ശിക്ഷയ്ക്ക് വിധിക്കപ്പെട്ട സഞ്ജയ് ദത്തിന് 120 ദിവസം പരോളും 44 ദിവസത്തെ അവധിയും നല്‍കിയിരുന്നു. ശിക്ഷയില്‍ എട്ട് മാസത്തെ ഇളവും നേടിയാണ് ദത്ത് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്‌.

സഞ്ജയ് ദത്തിന് പതിവായി പരോള്‍ അനുവദിച്ചതിനെ കുറിച്ച് രണ്ടു ആഴ്ചകള്‍ക്കുള്ളില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Top