നിർണായക വിജയം നേടി സെനഗല്‍ പ്രീ ക്വാര്‍ട്ടറില്‍, ഇക്വഡോർ പുറത്ത്

ദോഹ: ഖത്തര്‍ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍ സ്ഥാനം ഉറപ്പിച്ച് സെനഗല്‍. ലാറ്റിനമേരിക്കന്‍ ശക്തികളായ ഇക്വഡോറിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തളച്ചാണ് സെനഗല്‍ അവസാന പതിനാറില്‍ ഇടം നേടിയത്. സെനഗലിനായി സാറും കൂലിബാലിയും സ്കോര്‍ ചെയ്തപ്പോള്‍ ഇക്വഡോറിന്റെ ഗോള്‍ കൈസേഡോയുടെ വകയായിരുന്നു. ഗ്രൂപ്പ് എയില്‍ മൂന്ന് മത്സരങ്ങളില്‍ രണ്ട് ജയവും ഒരു തോല്‍വിയുമായാണ് സെനഗല്‍ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചത്.

വിജയിക്കുന്നവരെ കാത്ത് പ്രീക്വാര്‍ട്ടര്‍ സ്ഥാനമാണ് ഉള്ളതെന്ന അവസ്ഥയില്‍ ഇരു ടീമുകളും രണ്ടും കല്‍പ്പിച്ചാണ് കളി തുടങ്ങിയത്.ആദ്യ മിനിറ്റുകളില്‍ നല്ല അവസരങ്ങള്‍ ഉണ്ടാക്കിയെടുത്തത് സെനഗല്‍ ആണ്. എന്നാല്‍, പതിയെ താളം കണ്ടെത്തിയ ഇക്വഡോര്‍ പിന്നില്‍ നിന്ന് പതിയെ നീക്കങ്ങള്‍ മെനെഞ്ഞടുത്തു തുടങ്ങി. ഇതോടെ സെനഗലിന് പന്ത് വീണ്ടെടുക്കാന്‍ ഏറെ പരിശ്രമങ്ങള്‍ വേണ്ടി വന്നു. 42-ാം മിനിറ്റിലാണ് മത്സരത്തിലെ ആദ്യ ഗോള്‍ വന്നത്. സെനഗല്‍ താരം സാറിനെ ഹിന്‍കാപ്പി ബോക്സിനുള്ളില്‍ വീഴ്ത്തിയതിനായിരുന്നു പെനാൽറ്റി. സാര്‍ തന്നെ പെനാല്‍റ്റി എടുത്തപ്പോള്‍ ഒരു ഗോള്‍ ലീഡുമായി സെനഗലിന് ആദ്യ പകുതി അവസാനിപ്പിക്കനായി.

രണ്ടാം പകുതിയില്‍ കൈമെയ് മറന്ന് സമനില ഗോളിനായി പൊരുതുന്ന ഇക്വഡോര്‍ ആയിരുന്നു കളത്തില്‍. രണ്ടാം പാതിയില്‍ അതിവേഗ നീക്കങ്ങളിലേക്ക് ഇക്വഡോര്‍ ചുവട് മാറ്റി. ഒടുവില്‍ 67-ാം മിനിറ്റില്‍ കൈസെഡോയിലൂടെ ലാറ്റിനമേരിക്കന്‍ സംഘം സമനില ഗോള്‍ കണ്ടെത്തി. പ്ലാറ്റ എടുത്ത കോര്‍ണര്‍ ആണ് ഗോളില്‍ കലാശിച്ചത്. ബോക്സിലെ കൂട്ടയിടികള്‍ക്കൊടുവില്‍ ഫാര്‍ പോസ്റ്റില്‍ ആരും മാര്‍ക്ക് ചെയ്യാതിരുന്ന കൈസെഡോയിലേക്ക് പന്ത് എത്തി. ഗോളക്കാന്‍ താരത്തിന് അധികം പ്രയാസപ്പെടേണ്ടി വന്നില്ല. അടിക്ക് തിരിച്ചടി നല്‍കാന്‍ സെനഗലിന് വേണ്ടി വന്നത് മൂന്നേ മൂന്ന് മിനിറ്റാണ്. ഇഡ്രിസാ ഗുയേയുടെ ഫ്രീകിക്കിന് ഒടുവില്‍ ഇക്വഡോറിന് ലഭിച്ചത് പോലെ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന കൂലിബാലിയിലേക്കാണ് അവസാനം പന്ത് എത്തിയത്. താരത്തിന്‍റെ ഷോട്ട് ഇക്വഡോറിയന്‍ പ്രതീക്ഷകള്‍ക്ക് മേല്‍ കരിനിഴലായി പടര്‍ന്ന് വലയില്‍ കയറി.

ലീഡ് നേടിയ ശേഷവും സെനഗല്‍ ഇക്വഡോറിയന്‍ ബോക്സിലേക്ക് എത്തിയെങ്കിലും ലീഡ് വര്‍ധിപ്പിക്കാനായില്ല. ഇക്വഡോറിനും ചില അവസരങ്ങള്‍ ഒരുങ്ങിയെങ്കിലും സമനില ഉറപ്പിക്കാനുള്ള ഗോള്‍ കണ്ടെത്താന്‍ അവര്‍ക്കും സാധിച്ചില്ല.

Top