മലപ്പുറം: ദേശീയതലത്തില്‍ ബിജെപി വലിയ ഭീഷണിയായതിനാല്‍ കോണ്‍ഗ്രസ്സ് ഇടത് സഖ്യം അനിവാര്യമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് ആര്യാടന്‍ മുഹമ്മദ്. പ്രമുഖ മാധ്യമത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ആര്യാടന്‍ തന്റെ നിലപാട് തുറന്നു പറഞ്ഞത്.
ദേശീയതലത്തില്‍ ഇടതുപക്ഷവുമായി കോണ്‍ഗ്രസ്സിന് യോജിച്ച് നീങ്ങാനാവും. കേരളത്തില്‍ അതിന് പ്രായോഗിക തടസ്സങ്ങളുണ്ട്. മാത്രമല്ല കേരളത്തില്‍ ബിജെപി അങ്ങിനെയൊരു ഭീഷണിയല്ലാത്ത സാഹചര്യത്തില്‍ അതിന്റെ ആവശ്യവുമില്ല.
പക്ഷെ,ദേശീയ തലത്തില്‍ ബിജെപി ഉയര്‍ത്തുന്ന ഭീഷണി നിസ്സാരമല്ല. എല്ലാ അര്‍ത്ഥത്തിലും ഫാസിസ്റ്റ് പ്രവണതകളുള്ള സര്‍ക്കാരാണ് മോദിയുടേത്. ഇന്ത്യയെ വര്‍ഗ്ഗീയമായി വിഭജിച്ച് ഭരണം നിലനിര്‍ത്തുക എന്ന ലക്ഷ്യമാണ് ബിജെപിക്കുള്ളത്. ഇതിനുവേണ്ടിയാണ് ആര്‍എസ്എസ് കരുക്കള്‍ നീക്കുന്നതും. കോണ്‍ഗ്രസുമായി സഖ്യം വേണമെന്ന കാര്യത്തില്‍ സിപിഐ ഉറച്ചു നില്‍ക്കുകയാണെന്നാണ് ഞാന്‍ അറിഞ്ഞത്. ഈ തീരുമാനം സിപിഐ നേതാവ് ഡി.രാജ കോണ്‍ഗ്രസ്സ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അറിയിച്ചതായും ആര്യാടന്‍ പറഞ്ഞു.
മോദിയാണ് ഫാസിസ്റ്റ് ഇന്ദിരാഗാന്ധി ഫാസിസ്റ്റായിരുന്നില്ലന്നും ചോദ്യത്തിന് മറുപടിയായി ആര്യാടന്‍ പറഞ്ഞു. ഇന്ദിര ഫാസിസ്റ്റായിരുന്നെങ്കില്‍ ഒരിക്കലും വീണ്ടുമൊരു തിരഞ്ഞെടുപ്പിന് തയ്യാറാവുമായിരുന്നില്ല.
കള്ളപ്പണക്കാരുടെ ഒരു പാരലല്‍ ഇക്കോണമിയെയും ആര്‍എസ്എസ് ജമാഅത്തെ ഇസ്ലാമി തുടങ്ങിയ ജനാധിപത്യ വിരുദ്ധ ശക്തികളെയും നേരിടുന്നതിന്റെ ഭാഗമായാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത്. ജയപ്രകാശ് നാരായനെപ്പോലൊരു ജനാധിപത്യവാദി എതിര്‍പക്ഷത്തുണ്ടായിരുന്നുവെന്നത് ശരിയാണ്. പക്ഷെ, ഇന്ദിരയെ എതിര്‍ത്തവരില്‍ ഭൂരിഭാഗവും വര്‍ഗ്ഗീയ, കള്ളപ്പണ ശക്തികളായിരുന്നു.
ഇസ്ലാം പോലെയല്ല ഹിന്ദുമതം. അതൊരു ജീവിത രിതിയും സംസ്‌കാരവുമാണെന്ന് ആര്യാടന്‍ പറഞ്ഞു. എത്രയോ ഹിന്ദുക്കള്‍ ഇതര മതങ്ങളിലേക്ക് മാറിയിരിക്കുന്നു. എന്നാല്‍ ഒരു മുസ്ലിം ഹിന്ദുവായാല്‍ എന്തൊരു ബഹളമായിരിക്കും.
സഹിഷ്ണുതയാണ് ഹിന്ദുമതത്തിന്റെ സവിശേഷത. ഗാന്ധിജിയുടെ വധമാണ് ഇന്ത്യന്‍ ജനാധിപത്യത്തെയും മതേതരത്വത്തെയും സംരക്ഷിച്ചുനിര്‍ത്തിയത്. ഗാന്ധിജിയുടെ ചോരയിലാണ് ഇന്ത്യന്‍ ജനാധിപത്യം പടുത്തുയര്‍ത്തപ്പെട്ടിരിക്കുന്നത്.
മതമൗലികവാദികള്‍ ഗാന്ധിജിയെ കൊന്നത് ഇന്ത്യന്‍ ജനതയെ ഞെട്ടിച്ചു. ഇന്ത്യ ഒരു മതരാഷ്ട്രമാവാതിരുന്നത് അതുകൊണ്ടാണ്. ആര്‍എസ്എസ്സിനെ ആദ്യം നിരോധിച്ചത് അന്നത്തെ ആഭ്യന്തരമന്ത്രി സര്‍ദാര്‍ പട്ടേലായിരുന്നുവെന്നതും നമ്മള്‍ മറക്കരുത്. ഈ ഇന്ത്യയെയാണ് ഇന്നിപ്പോള്‍ മോദിയും ആര്‍എസ്എസും തകര്‍ക്കാന്‍ നോക്കുന്നത്. അതത്ര എളുപ്പമല്ലന്നും അദ്ദേഹം ചൂണ്ടികാട്ടി.