ബെംഗളൂരു: കര്‍ണാടകയില്‍ വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന ആരോപണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബി കെ ഹരിപ്രസാദ്. വര്‍ഗീയ കലാപം നടത്തണമെന്ന ആവശ്യം സ്ഥിരം കുറ്റവാളിയായ ഒരാള്‍ക്ക് ബിജെപിയില്‍ നിന്ന് ലഭിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
സാമൂഹ്യമാധ്യമമായ എക്സില്‍ ഇതിന്റെതെന്ന് അവകാശപ്പെട്ട് സ്‌ക്രീന്‍ഷോട്ടുകള്‍ പങ്കുവയ്ക്കുകയും ചെയ്തു. ‘രാഷ്ട്ര രക്ഷാ പദേ’ എന്ന പേരില്‍ സൃഷ്ടിച്ച വാട്ട്സ്ആപ്പ് ഗ്രൂപ്പിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ വന്നതെന്നും അദ്ദേഹം പറഞ്ഞു. വര്‍ഗീയ കലാപം സൃഷ്ടിക്കാനും മതങ്ങള്‍ക്കിടയില്‍ കലാപമുണ്ടാക്കാനും ബിജെപി സഹോദര സംഘടനകളെ കൂട്ടുപിടിക്കുകയാണെന്ന് വെളിപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് വ്യക്തമാകുകയാണ്.
ബിജെപി ഇത്തരം സാമൂഹ്യദ്രോഹികളെ പിന്തുണയ്ക്കുന്നു. ഇത്തരം തീവ്രവാദ ശക്തികളെ സര്‍ക്കാര്‍ ഉടന്‍ തടയണം. ഇവര്‍ക്കെതിരെ കേസെടുക്കണമെന്ന് താന്‍ ആവശ്യപ്പെടുന്നു. സംസ്ഥാനത്തിന്റെ ആഭ്യന്തര സുരക്ഷയെ ഭീഷണിപ്പെടുത്തുന്നവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുകയും അന്വേഷണം നടത്തുകയും ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.