തിരുവനന്തപുരം: സിപിഐഎമ്മും ബിജെപിയും തമ്മില്‍ അന്തര്‍ധാരയുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. നരേന്ദ്ര മോദിയും പിണറായിയും തമ്മില്‍ അന്തര്‍ധാരയുണ്ടെന്നും സിപിഐഎമ്മിന്റെയും ബിജെപിയുടെയും ഇടയിലെ പാലം ഇ പി ജയരാജനാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. സിപിഐഎമ്മിന്റെ മുഖ്യ ശത്രു ആരാണ്. ഇ പി ജയരാജന്റെ പ്രസ്താവന കേട്ടില്ലേ. നാല് ബിജെപി സ്ഥാനാര്‍ത്ഥികള്‍ മികച്ചതാണെന്നാണ് ഇ പി പറഞ്ഞു. എല്‍ഡിഎഫും ബിജെപിയും തമ്മിലാണ് മല്‍സരമെന്നും പറഞ്ഞു. അത് ബിജെപി പോലും പറഞ്ഞില്ല. ഇതില്‍ മുഖ്യമന്ത്രിക്ക് മറുപടിയുണ്ടോയെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
ഇ പി ജയരാജനും രാജീവ് ചന്ദ്രശേഖറും തമ്മിലുള്ള ബന്ധമെന്തെന്ന് ചോദിച്ച ചെന്നിത്തല നിരാമയയാണ് ഇപിയുടെ വൈദേകം റിസോര്‍ട്ട് നടത്തുന്നതെന്നും ചൂണ്ടിക്കാണിച്ചു. ബിസിനസ്സ് ഇടപാട് നടത്താന്‍ നേരില്‍ കാണേണ്ടതില്ല. ഇ പിയും രാജീവ് ചന്ദ്രശേഖറും തമ്മിലുള്ള വ്യവസായ ബന്ധം പുറത്തുവന്നു. ബിജെപി മികച്ചതെന്ന് ഇ പി ജയരാജന്‍ പറയാന്‍ കാരണമിതാണ്.
ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കില്ലെന്നും നരേന്ദ്ര മോദി വരുന്നത് യുഡിഎഫിന്റെ ഭൂരിപക്ഷം കൂട്ടുമെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കൂടുതല്‍ തവണ മോദി ഇവിടേക്ക് വരണം. മോദി പറഞ്ഞതെല്ലാം നുണ ആയിരുന്നുവെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാണിച്ചു. മോദി ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ തിരഞ്ഞെടുപ്പ് പോലുമുണ്ടാവില്ലെന്നും ഭരണഘടന പോലും മാറ്റാന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പിണറായിക്ക് ഇംഗ്ലീഷ് അറിയാമോ. അറിയുമെങ്കില്‍ പൗരത്വനിയമഭേദഗതിക്കെതിരെ കോണ്‍ഗ്രസ് നടത്തിയത് അറിയാതിരിക്കുമോ. കോണ്‍ഗ്രസിനോട് ബിജെപിയെക്കാള്‍ എതിര്‍പ്പ് സിപിഐഎമ്മിനാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. കെ സി വേണുഗോപാലിനെ ആലപ്പുഴയില്‍ ഇറക്കിയത് ആലപ്പുഴ സീറ്റ് തിരിച്ചു പിടിക്കാനെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.