സെൻകാകൂ ദ്വീപ് കൈ വശമാക്കാൻ ചൈന ; മുന്നറിയിപ്പ് നൽകി ജപ്പാൻ

ടോക്കിയോ: ജപ്പാനെതിരെ ചൈനയുടെ പ്രകോപന നീക്കം തുടരുന്നു. സെൻകാകൂ ദ്വീപ് കൈ വശമാക്കാനാണ് ഇപ്പോഴത്തെ ചൈനയുടെ നീക്കം. കിഴക്കൻ ചൈനാ കടലിൽ നിന്നും പസഫിക് മേഖലയിലേക്ക് സൈനിക വിന്യാസം കൂട്ടിയാണ് ചൈനയുടെ പ്രകോപനം. ചൈനയുടെ നീക്കത്തെ ചെറുക്കുമെന്ന മുന്നറിയിപ്പുമായി ജപ്പാൻ.

പസഫിക് മേഖലയിൽ തീരസുരക്ഷാ സേനയെന്ന പേരിൽ നാവികസേനയെ വിന്യസിപ്പിച്ചു കൊണ്ടാണ് ചൈനയുടെ നീക്കം. ചൈനയുടെ നീക്കത്തെപ്പറ്റി പസഫിക്കിലെ ചെറുരാജ്യങ്ങളടക്കം നിരന്തരം മുന്നിറിയിപ്പ് നൽകിയിരുന്നു. അത്തരം സംശയങ്ങൾ ബലപ്പെടുത്തുന്ന നീക്കമാണ് ചൈന വീണ്ടും നടത്തുന്നതെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ പറയുന്നു.

പസഫിക്കിലെ അമേരിക്കൻ സൈന്യത്തിന്റെ സാന്നിദ്ധ്യമാണ് ചൈനയെ സെൻകാകൂ കേന്ദ്രമാക്കാൻ പ്രേരിപ്പിക്കുന്നത്. ഫെബ്രുവരി ഒന്നാം തീയതിയാണ് ചൈന തീരസുരക്ഷാ നിയമം ഭേദഗതി വരുത്തിയത്. ചൈനാ കടലിലെ സേനാ വിഭാഗത്തിന് ആയുധം ഉപയോഗിക്കാനുള്ള അനുവാദമാണ് നൽകിയത്. അതിനനുസരിച്ചുള്ള കപ്പലുകളും തീരസേനയ്ക്ക് ലഭ്യമാക്കിയിട്ടുണ്ട്.

ജപ്പാൻ ദ്വീപസമൂഹത്തിന്റെ ഭാഗമായ സെൻകാകൂവിനെ ചൈന വളഞ്ഞു പിടിക്കാൻ നടത്തുന്ന ശ്രമത്തിന് രണ്ടു ദശകങ്ങളുടെ പഴക്കമുണ്ട്. ജപ്പാന്റെ അഖണ്ഡതയ്ക്കുമേലുള്ള കടന്നുകയറ്റമാണിതെന്ന് ജപ്പാൻ ആവർത്തിച്ച് ആരോപിച്ചിരുന്നു.

Top