തിരുവനന്തപുരം: പൊലീസ് മേധാവിയായി ടി പി സെന്‍കുമാര്‍ ചാര്‍ജ്ജെടുത്ത് ഒരാഴ്ചയായിട്ടും സംസ്ഥാന ഭരണ മേധാവിയായ ചീഫ് സെക്രട്ടറിയെ കണ്ടില്ല.
സാധാരണ പൊലീസ് മേധാവിമാര്‍ ചാര്‍ജെടുക്കുമ്പോള്‍ മുഖ്യമന്ത്രിയെ കാണുന്നതോടൊപ്പം ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി എന്നിവരെ കാണുന്നതാണ് കീഴ് വഴക്കം. എന്നാല്‍ ഇതുവരെ സെന്‍കുമാര്‍ ചീഫ് സെക്രട്ടറിയെ കണ്ടിട്ടില്ലെന്ന് മാത്രമല്ല ഫോണില്‍ വിളിക്കുക പോലും ചെയ്തിട്ടില്ല.
തന്നെ പൊലീസ് തലപ്പത്ത് നിന്നും നീക്കുന്നതിന് കാരണമായ റിപ്പോര്‍ട്ട് നല്‍കിയ മുന്‍ ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ തന്നെയാണ് ഇപ്പോള്‍ ചീഫ് സെക്രട്ടറി എന്നതിനാലാണ് സെന്‍കുമാറിന്റെ ഉടക്കത്രെ.
ചീഫ് സെക്രട്ടറിക്കെതിരെ കോര്‍ട്ടലക്ഷ്യ നടപടി സ്വീകരിച്ചതിന് ശേഷം മാത്രമാണ് പുനര്‍ നിയമനം നല്‍കാനുള്ള ഉത്തരവ് ഇറക്കിയതെന്നതും സെന്‍കുമാര്‍ ‘മുഖം തിരിക്കാനുള്ള ‘മറ്റൊരു കാരണമാണെന്നും പറയപ്പെടുന്നു.
സെന്‍കുമാര്‍ വന്ന് നളിനി നെറ്റോയെ സല്യൂട്ടടിക്കുന്നത് കാണാന്‍ ‘കൊതിച്ച ‘ സെക്രട്ടറിയേറ്റിലെ ഒരു വിഭാഗം ജീവനക്കാരാണ് ഇതില്‍ നിരാശരായത്.
കൂടിക്കാഴ്ചയുണ്ടായാല്‍ അത് എങ്ങനെയുള്ളതായിരിക്കുമെന്ന് ആശങ്കപ്പെട്ടിരുന്ന ചീഫ് സെക്രട്ടറിയുടെ ഓഫീസ് ജീവനക്കാര്‍ക്കും ഇതൊരു പുതിയ അനുഭവമാണ്.
ചീഫ് സെക്രട്ടറിയെ സ്ഥാനമേറ്റ പൊലീസ് മേധാവി ചാര്‍ജെടുത്ത് ഒരാഴ്ചയായിട്ടും കാണാതിരിക്കുന്നതും ഫോണില്‍ പോലും ബന്ധപ്പെടാതിരിക്കുന്നതും കേരളത്തിലെ ആദ്യത്തെ സംഭവമായിരിക്കുമെന്നാണ് ജീവനക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്.
അതേസമയം പൊലീസ് ആസ്ഥാനത്ത് ഇതിന് സെന്‍കുമാറിനും ഇപ്പോള്‍ ‘മറുപടി’ കിട്ടിയിട്ടുണ്ട്.
എ ഐ ജി(പി ജി ) ഗോപാലകൃഷ്ണന്‍ ഇതുവരെ സെന്‍കുമാറിനെ കാണുകയോ വിളിക്കുകയോ ചെയ്തിട്ടില്ല. വഴിയില്‍ വച്ച് ഒരു സല്യൂട്ട് പോലും അദ്ദേഹം നല്‍കിയിട്ടുമില്ല.
ചീഫ് സെക്രട്ടറിയെ ബഹുമാനിക്കാത്ത ഉദ്യോഗസ്ഥന്‍ ബഹുമാനം പ്രതീക്ഷിക്കരുതെന്നാണ് ഇതിന് ഗോപാലകൃഷ്ണനെ അനുകൂലിക്കുന്നവര്‍ വാദിക്കുന്നത്.
പൊലീസ് ആസ്ഥാനത്തെ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ അതേ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന പൊലീസ് മേധാവിയെ കാണാന്‍ പോവാത്തതും കേരളത്തെ സംബന്ധിച്ച് പുതിയ അനുഭവം തന്നെയാണ്.
സര്‍വ്വീസില്‍ ഒരു ദിവസം സീനിയറാണെങ്കില്‍ പോലും സല്യൂട്ടടിച്ച് ബഹുമാനിക്കുന്നതാണ് സംസ്ഥാന പൊലീസിലെ കീഴ് വഴക്കം.
ഒരേ ബാച്ചില്‍പ്പെട്ടവര്‍ പോലും ഈ ബഹുമാനം തുടര്‍ന്നു വരുന്ന രീതിയാണ് നിലവില്‍.
എന്നാല്‍ ഇപ്പോള്‍ ഈ കീഴ് വഴക്കങ്ങളും അച്ചടക്കങ്ങളുമെല്ലാം ലംഘിക്കപ്പെടുന്നത് രാജ്യത്തെ ഏറ്റവും സമര്‍ത്ഥമായ സേനയെന്ന് അറിയപ്പെടുന്ന കേരള പൊലീസിന്റെ പ്രതിച്ഛായ തന്നെ നഷ്ടപ്പെടാന്‍ കാരണമാകുമോയെന്ന ആശങ്കയിലാണ് ഉന്നതരടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍.
പൊലീസ് ആസ്ഥാനത്തെ ഭരണം നടത്തുന്നതിനായി സര്‍ക്കാര്‍ ‘പ്രത്യേക’ നിയമനം നല്‍കിയ എഡിജിപി ടോമിന്‍ തച്ചങ്കരിയുള്‍പ്പെടെയുള്ളവര്‍ സെന്‍കുമാറിനോട് കടുത്ത അഭിപ്രായ വ്യത്യാസമുണ്ടായിട്ടും സെന്‍കുമാര്‍ ചാര്‍ജ്ജെടുക്കുന്ന ദിവസം അദ്ദേഹത്തോടൊപ്പം സജീവമായി ഉണ്ടായിരുന്നു. തച്ചങ്കരിയുടെ ഈ നടപടി പൊലീസ് സേനയില്‍ മതിപ്പുണ്ടാക്കിയിട്ടുമുണ്ട്.
സര്‍ക്കാറിനോട് ഏറ്റുമുട്ടി വന്ന ഉദ്യോഗസ്ഥനാണെന്ന ‘പരിഗണന’ മുന്‍നിര്‍ത്തി പൊലീസ് ആസ്ഥാനത്തെ മറ്റ് ഐപിഎസ് ഉദ്യോഗസ്ഥരും സെന്‍കുമാറിനോട് അവഗണന കാണിച്ചിരുന്നില്ല. സിസ്റ്റം തകരരുത് എന്ന് ആഗ്രഹിച്ചതിനാലായിരുന്നു അത്. സര്‍ക്കാരും ഇക്കാര്യത്തില്‍ മറ്റ് ഇടപെടലുകളൊന്നും നടത്തിയിരുന്നുമില്ല.
കഴിഞ്ഞ യു.ഡിഎ.ഫ് സര്‍ക്കാറിന്റെ കാലത്ത് പൊലീസ് അസോസിയേഷന്‍ നേതാവ് ഓഫീസില്‍ കയറി അതിക്രമം കാണിച്ചത് സെന്‍കുമാറിന്റെ അറിവോടെയായിരുന്നുവെന്ന് സംശയിക്കുന്ന ഗോപാലകൃഷ്ണന്‍ ‘കുടിപ്പക ‘മൂലമാണ് ഇപ്പോള്‍ ഇങ്ങനെ പെരുമാറുന്നതെന്നാണ് അണിയറ സംസാരം.
പൊതുവെ കര്‍ക്കശക്കാരനായി അറിയപ്പെടുന്ന സെന്‍കുമാര്‍ ഇനി എന്ത് നടപടിയാണ് സ്വീകരിക്കുക എന്നതാണ് ഇനി കണ്ടറിയേണ്ടത്.
സെന്‍കുമാര്‍ സ്ഥലം മാറ്റിയ പൊലീസ് ആസ്ഥാനത്തെ ജീവനക്കാരുടെ സ്ഥലമാറ്റം സര്‍ക്കാര്‍ ഇടപെട്ട് മരവിപ്പിച്ചത് വഴി സര്‍ക്കാറും വ്യക്തമായ സന്ദേശമാണ് നല്‍കിയിരിക്കുന്നത്.
ടോമിന്‍ തച്ചങ്കരിയെ കേന്ദ്രീകരിച്ചാണ് സര്‍ക്കാറിന്റെ പൊലീസ് ഭരണം. മുഖ്യമന്ത്രിയുടെ വിശ്വസ്തനായതിനാല്‍ വലിയ പിന്തുണ അദ്ദേഹത്തിന് ഇപ്പോള്‍ പൊലീസ് ആസ്ഥാനത്തുണ്ട്. ഒരു ‘ഇല’ അനങ്ങിയാല്‍ അത് സെന്‍കുമാര്‍ അറിയുന്നതിനു മുന്‍പ് തച്ചങ്കരി അറിയുമെന്നതാണ് നിലവിലെ സ്ഥിതി.
സെന്‍കുമാര്‍ ജൂണില്‍ വിരമിച്ചാല്‍ ഇനി പുതുതായി ആര് പൊലീസ് മേധാവിയായാലും തച്ചങ്കരിക്ക് തന്നെയായിരിക്കും കടിഞ്ഞാണ്‍ എന്ന് വ്യക്തം.
സര്‍ക്കാറിന് ഈ ഐപിഎസ് ഓഫീസറെ പോലെ വിശ്വാസ്യതയുള്ള മറ്റൊരു ഓഫീസറില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
ജീവനക്കാരോടും സഹപ്രവര്‍ത്തകരോടും വളരെ മാന്യമായി പെരുമാറുമെന്നതും കാര്യങ്ങളില്‍ പാതിരാത്രിയിലും പെട്ടെന്ന് ഇടപെടുമെന്നതും കീഴുദ്യോഗസ്ഥര്‍ക്കിടയിലും തച്ചങ്കരിക്ക് അനുകൂലമായ ഘടകമാണ്.
തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിന്റെ താല്‍പര്യത്തിനെതിരായി പ്രവര്‍ത്തിക്കുക എന്നത് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തതാണെന്നതാണ് തച്ചങ്കരിയുടെ നിലപാട്.
ഇതിനിടെ വെറുമൊരു നോക്കുകുത്തിയായി മാത്രം പൊലീസ് മേധാവിയുടെ കസേരയില്‍ സെന്‍കുമാര്‍ ഇനി ഇരിക്കുമോ എന്ന ചോദ്യം സേനക്ക് അകത്തും ഇപ്പോള്‍ ശക്തമായിട്ടുണ്ട്.