കൊച്ചി: സംസ്ഥാന പൊലീസ് മേധാവിയെന്ന നിലയില്‍ സെന്‍കുമാര്‍ സമ്പൂര്‍ണ പരാജയമായിരുന്നുവെന്ന് സംസ്ഥാന സര്‍ക്കാര്‍.
ഡിജിപി സ്ഥാനത്തുനിന്ന് നീക്കംചെയ്തത് ചോദ്യംചെയ്ത് കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ സെന്‍കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ഹര്‍ജിയില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളോട് വിശദീകരണം തേടിയിരുന്നു.
പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തിലും ജിഷ വധക്കേസിലും പൊലീസിന് വീഴ്ചയുണ്ടായതിന് ഉത്തരവാദി ഡിജിപിയാണ്. സര്‍ക്കാരിനെ ഏറെ ബുദ്ധിമുട്ടിച്ച നടപടികളാണ് സെന്‍കുമാറില്‍ നിന്നുമുണ്ടായത്.
ജിഷ വധക്കേസില്‍ ഉത്തരവാദികളായ പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്യുന്നതിനു പകരം സംരക്ഷിക്കാനാണ് ശ്രമിച്ചത്. ജനങ്ങള്‍ക്കിടയില്‍ അതൃപ്തി പടരാന്‍ ഇത് ഇടയാക്കി. ജനങ്ങള്‍ക്കും പൊലീസ് സേനക്കും തെറ്റായതും അപകടകരവുമായ സന്ദേശമാണ് ഇത് നല്‍കിയത്.
പുറ്റിങ്ങല്‍ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന്റെ കാര്യത്തിലും ഡിജിപിയുടെ ഇടപെടലുണ്ടായി. എഡിജിപി ആവശ്യപ്പെട്ട അംഗങ്ങളെ ഒഴിവാക്കി മറ്റു ചിലരെയാണ് സംഘത്തിന്റെ പാനലില്‍ ഉള്‍പ്പെടുത്തിയത്. അംഗങ്ങളെ മാറ്റരുതെന്ന് എഡിജിപിക്ക് അഭ്യര്‍ഥിക്കേണ്ടിവന്നു.
ജിഷ വധക്കേസിന്റെ തുടക്കം മുതല്‍ വീഴ്ചകളുണ്ടായി. കൊലപാതകം അവഗണിക്കാനുള്ള ശ്രമമാണ് ആദ്യമുണ്ടായത്. പോസ്റ്റ്‌മോര്‍ട്ടത്തിലും മൃതദേഹം ദഹിപ്പിക്കുന്നതിലുംവരെ വീഴ്ചകളുണ്ടായി.
സര്‍ക്കാരിന് വിവരം നല്‍കുന്ന റിപ്പോര്‍ട്ട് അഞ്ചാം ദിവസമാണ് ഡിജിപി സമര്‍പ്പിച്ചത്.അതിലാകട്ടെ അന്വേഷണസംഘത്തിന്റെ മഹത്ത്വമാണ് വിവരിച്ചിരുന്നത്. വീണ്ടും രണ്ടുതവണ കൂടി റിപ്പോര്‍ട്ട് നല്‍കിയെങ്കിലും മറ്റു കാര്യങ്ങളാണ് വിവരിച്ചിരുന്നത്.
പൊലീസ് മേധാവി എന്ന നിലയില്‍ സമ്പൂര്‍ണ പരാജയമായിരുന്നു ഹര്‍ജിക്കാരന്‍.സീനിയറായിരുന്ന മഹേഷ്‌കുമാര്‍ സിംഗ്‌ളയെ തഴഞ്ഞാണ് സീനിയറല്ലാതിരുന്ന സെന്‍കുമാറിനെ കഴിഞ്ഞ സര്‍ക്കാര്‍ നിയമിച്ചത്.
ഇതിനുമുമ്പ് പ്രകടനമികവ് പരിശോധിക്കാന്‍ സമിതിയെ നിയമിക്കുക പോലും ചെയ്തില്ല. ഇത് പ്രകാശ്‌സിങ് കേസിലെ മാര്‍ഗനിര്‍ദേശത്തിന് വിരുദ്ധമായിരുന്നുവെന്നും സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
പ്രകാശ് സിങ് കേസിലെ സുപ്രീംകോടതി മാര്‍ഗനിര്‍ദേശപ്രകാരം പ്രകടനമികവ് വിലയിരുത്താന്‍ സമിതി രൂപവത്കരിക്കുകയും അതിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സെന്‍കുമാറിനെ മാറ്റിയതെന്നും സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ പറയുന്നു.
അല്ലാതെ കേവലം ഭരണമാറ്റത്തെ തുടര്‍ന്നുളള സ്ഥലംമാറ്റമല്ല ഇതെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.