തിരുവനന്തപുരം: മുന്‍ ഡിജിപി ടിപി സെന്‍കുമാറിനെപ്പോലെയുള്ളവര്‍ ബിജെപിയിലേക്ക് കടന്നു വന്നാല്‍ അത് പാര്‍ട്ടിക്ക് ശക്തി പകരുമെന്ന് ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.
എന്നാല്‍ അക്കാര്യം തീരുമാനിക്കേണ്ടത് സെന്‍കുമാറാണെന്നും കുമ്മനം വ്യക്തമാക്കി.
കഴിഞ്ഞ ദിവസങ്ങളിലായി സെന്‍കുമാര്‍ പറഞ്ഞ കാര്യങ്ങള്‍ കൃത്യവും വസ്തുനിഷ്ഠവുമാണെന്നും ദീര്‍ഘകാലം പൊലീസ് സേനയില്‍ പ്രവര്‍ത്തിച്ചതിന്റെ അനുഭവത്തിന്റേയും അറിവിന്റേയും പശ്ചാത്തലത്തിലാണ് അദ്ദേഹം കാര്യങ്ങള്‍ വെളിപ്പെടുത്തുന്നതെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.
ഐഎസും ആര്‍എസ്എസും തമ്മില്‍ യാതൊരു താരതമ്യവും ഇല്ലെന്നും മതതീവ്രവാദമെന്ന് പറയുമ്പോള്‍ ആര്‍എസ്എസ് ഇല്ലേ എന്ന് ചോദിക്കുന്നതില്‍ കാര്യമില്ലെന്നും ഐഎസും ആര്‍എസ്എസും തമ്മില്‍ ഒരു താരതമ്യവുമില്ലെന്നായിരുന്നു സെന്‍കുമാറിന്റെ അഭിപ്രായം.
ആര്‍എസ്എസ് ദേശവിരുദ്ധ സംഘടനയല്ലെന്നും ദേശീയതയ്ക്ക് എതിരായ മതതീവ്രവാദത്തെയാണ് നേരിടേണ്ടതെന്നും സമകാലിക മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സെന്‍കുമാര്‍ പറഞ്ഞിരുന്നു.
കേരളത്തില്‍ നൂറ് കുട്ടികള്‍ ജനിക്കുമ്പോള്‍ അതില്‍ 42 മുസ്ലിം കുട്ടികളാണ്. ജനസംഖ്യാ ഘടന ഈ രീതിയില്‍ പോയാല്‍ ഭാവിയില്‍ വരാന്‍ പോകുന്നത് ഏതു രീതിയിലുള്ള മാറ്റമായിരിക്കുമെന്നും അദ്ദേഹം അഭിമുഖത്തില്‍ ചോദിച്ചിരുന്നു.