കൊച്ചി: ഇടത് സര്‍ക്കാര്‍ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് ഒഴിവാക്കിയ ടി പി സെന്‍കുമാറിനെ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റിവ് ട്രൈബ്യൂണല്‍ (സിഎടി) അംഗമായി നിയമിക്കാനുള്ള ഹൈക്കോടതി ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ സമിതിയുടെ ശുപാര്‍ശ സര്‍ക്കാരിന് തിരിച്ചടിയായി.
സെന്‍കുമാര്‍ ഡിജിപി പദവിയില്‍ തുടരുന്നതിന് അയോഗ്യതയായി സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയ ഒരു കാര്യവും സിഎടി അംഗമായി ഒന്നാം പേരുകാരനായി സെന്‍കുമാറിനെ ശുപാര്‍ശ ചെയ്യാന്‍ ചേര്‍ന്ന തിരഞ്ഞെടുപ്പ് സമിതി പരിഗണിച്ചില്ല.
മാത്രമല്ല അഴിമതിരഹിതനും കാര്യക്ഷമതയുമുള്ള ഉദ്യോഗസ്ഥനാവണം ട്രൈബ്യൂണലംഗമാവേണ്ടതെന്ന ചീഫ് ജസ്റ്റിസിന്റെ നിര്‍ദ്ദേശത്തെ പിന്‍തുണച്ച് സംസാരിച്ച സമിതി അംഗമായ പിഎസ് സി ചെയര്‍മാന്‍ ഡോ. കെഎസ് രാധാകൃഷ്ണന്‍ ടി പി സെന്‍കുമാര്‍ സത്യസന്ധനാണെന്നാണ് വ്യക്തമാക്കിയത്. ഈ നിര്‍ദ്ദേശത്തെ ട്രൈബ്യൂണല്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് ടി.ആര്‍ രാമചന്ദ്രന്‍ നായര്‍ മാത്രമല്ല ചീഫ് സെക്രട്ടറി എസ്എം വിജയാനന്ദും പിന്‍തുണച്ചുവെന്നതും പിണറായി സര്‍ക്കാരിനെ സംബന്ധിച്ച് തിരിച്ചടിയാണ്.
നേരത്തെ പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് കാലാവധി പൂര്‍ത്തിയാക്കും മുന്‍പ് നിയമവിരുദ്ധമായി നീക്കിയതും കേഡര്‍ തസ്തിക നഷ്ടപ്പെടുത്തിയതും ചൂണ്ടിക്കാട്ടി സെന്‍കുമാര്‍ ഇതേ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ ഹര്‍ജി നല്‍കിയപ്പോള്‍ സെന്‍കുമാറിനെ മാറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉയര്‍ത്തിയ വാദങ്ങള്‍ അംഗീകരിച്ച് ഹര്‍ജി സിഎടി തള്ളിയിരുന്നു.
ഇതിന് ശേഷം പിന്നീട് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും അവിടെയും പരിഗണിക്കപ്പെട്ടില്ല.നിലവില്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ് സെന്‍കുമാറിന്റെ ഹര്‍ജിയുള്ളത്.
സംസ്ഥാന പൊലീസ് മേധാവിയെന്ന നിലയില്‍ സെന്‍കുമാര്‍ പരാജയമായിരുന്നുവെന്നും പൊതുതാത്പര്യം മുന്‍നിര്‍ത്തിയാണ് പൊലീസ് മേധാവിയെ മാറ്റിയതെന്നുമായിരുന്നു സര്‍ക്കാരിന്റെ വാദം.
അധികാരപരിധിയിലെ സേവനത്തില്‍ ജനങ്ങള്‍ക്ക് കടുത്ത അസംതൃപ്തിയുണ്ടായാല്‍ കേരള പൊലീസ് ആക്ട് 97(2)ഇ ചട്ടപ്രകാരം പൊലീസുദ്യോഗസ്ഥനെ മാറ്റാമെന്നും സര്‍ക്കാരിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ ചൂണ്ടിക്കാട്ടിയിരുന്നു.
പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തിലും പെരുമ്പാവൂര്‍ ജിഷ വധക്കേസിലും പോലിസ് സംവിധാനത്തില്‍ തുടര്‍ച്ചയായി വീഴ്ചയുണ്ടായതിന് ഉത്തരവാദി സെന്‍കുമാറാണെന്നായിരുന്നു സര്‍ക്കാരിന്റെ മറ്റൊരു കുറ്റാരോപണം.
സംഭവത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുന്നതിനു പകരം സംരക്ഷിക്കാനാണു സെന്‍കുമാര്‍ ശ്രമിച്ചതെന്നും ജിഷ വധക്കേസിന്റെ തുടക്കം മുതല്‍ വീഴ്ചകളുണ്ടായതായും കുറ്റപ്പെടുത്തലുണ്ടായി.
കൊലപാതകം അവഗണിക്കാനുള്ള ശ്രമമാണ് ആദ്യമുണ്ടായത്. പോസ്റ്റ്‌മോര്‍ട്ടത്തിലും മൃതദേഹം ദഹിപ്പിക്കുന്നതിലും ഗുരുതരമായ വീഴ്ചകളുണ്ടായി. സെന്‍കുമാറിനെ മാറ്റി പുതിയ ഡിജിപി ചുമതലയേറ്റതോടെ ജിഷ വധക്കേസ് അന്വേഷണത്തിലടക്കം ഫലം കണ്ടതായും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
പരവൂര്‍ വെടിക്കെട്ടപകടത്തിലും ജിഷ കൊലക്കേസിലും ആഭ്യന്തര സെക്രട്ടറി നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസുകള്‍ സെന്‍കുമാര്‍ അവഗണിച്ചതായും അഡ്വക്കേറ്റ് ജനറല്‍ സിഎടിയിലും ഹൈക്കോടതിയിലും വിശദീകരിച്ചിരുന്നു. ഈ വിശദീകരണത്തിന്റെ കൂടി അടിസ്ഥാനത്തിലായിരുന്നു സെന്‍കുമാറിന്റെ ഹര്‍ജി തള്ളിയിരുന്നത്.
ഹൈക്കോടതി ജഡ്ജിക്ക് തുല്യമായ പദവിയും ആനുകൂല്യങ്ങളുമുള്ള സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ കാലാവധി ആറ് വര്‍ഷമാണ്.
തിരഞ്ഞെടുപ്പ് സമിതിയുടെ ശുപാര്‍ശ പ്രധാനമന്ത്രി തലവനായ അപ്പോയിന്റ്‌മെന്റ് സമിതി അംഗീകരിച്ച ശേഷം രാഷ്ട്രപതിയാണ് നിയമന ഉത്തരവ് പുറപ്പെടുവിക്കുക. നിലവില്‍ നല്‍കിയ ലിസ്റ്റില്‍ സെന്‍കുമാര്‍ ഒന്നാം നമ്പറുകാരനായതിനാല്‍ ഇതില്‍ മാറ്റമുണ്ടാവാന്‍ സാധ്യതയില്ല.
ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥരടക്കമുള്ള കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സര്‍വ്വീസ് സംബന്ധമായ കാര്യങ്ങളില്‍ പരാതി ബോധിപ്പിക്കാനുള്ള സംവിധാനമാണിത്.
സംസ്ഥാനത്ത് ഐപിഎസ് ഉദ്യോഗസ്ഥരെ അന്യായമായി സ്ഥലം മാറ്റുന്നതായ പരാതി വ്യാപകമായി മുന്‍കാലങ്ങളില്‍ ഉയര്‍ന്നതിനാല്‍ ഇനി അത്തരം നിലപാട് സ്വീകരിക്കുകയാണെങ്കില്‍ പിണറായി സര്‍ക്കാര്‍ കൂടുതല്‍ ജാഗ്രത കാണിക്കേണ്ടി വരും.
കാരണം മുന്‍ പൊലീസ് മേധാവി കൂടിയായ സെന്‍കുമാര്‍ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ (സിഎടി) അംഗമായി വരുന്നത് ഐപിഎസ് ഉദ്യോഗസ്ഥരെ സംബന്ധിച്ച് പിടിവള്ളിയാകും.
പരാതികളില്‍ ട്രൈബ്യൂണല്‍ അംഗങ്ങള്‍ കൂട്ടായാണ് തീരുമാനമെടുക്കുകയെങ്കിലും മുന്‍ പൊലീസ് മേധാവിയുടെ വാക്കുകള്‍ക്ക് ഐപിഎസുകാരുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിര്‍ണ്ണായക പരിഗണന ലഭിക്കാനാണ് സാധ്യത.
ക്രമസമാധാന ചുമതലയിലുള്ള ഉദ്യോഗസ്ഥരെ മതിയായ കാരണമില്ലാതെ രണ്ട് വര്‍ഷത്തേക്ക് സ്ഥലം മാറ്റരുതെന്നാണ് നിലവിലെ സുപ്രീംകോടതി നിര്‍ദ്ദേശം.
കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയം സെക്രട്ടറിയായി വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍ സോമസുന്ദരമാവും സിഎടിയിലെ മറ്റൊരംഗം.