കൂപ്പുകുത്തി ഓഹരി വിപണി; സെന്‍സെക്സ് 3,934.72 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: കൊറോണ വൈറസിനെ നേരിടാനായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ വിപണി തുടക്കത്തില്‍ തന്നെ കൂപ്പുകുത്തിയിരുന്നു. വിപണി മൂല്യം കുത്തനെ ഇടിഞ്ഞ സാഹചര്യത്തില്‍ 45 മിനിറ്റ് നേരത്തേക്കാണ് വ്യാപാരം നിര്‍ത്തി വയ്ക്കുകയും ചെയ്തിരുന്നു.

പിന്നീട് വ്യാപാരം തുടങ്ങിയപ്പോഴും സൂചികകള്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല.ഒടുവില്‍ സെന്‍സെക്സ് 3,934.72 പോയന്റ് (13%) നഷ്ടത്തില്‍ 25,981.24ലിലും നിഫ്റ്റി 1,135.20 പോയന്റ്(13%) താഴ്ന്ന് 7,610.25ലുമാണ് ക്ലോസ് ചെയ്തത്.

ധനകാര്യ ഓഹരികളാണ് കനത്ത നഷ്ടംനേരിട്ടത്. അതില്‍തന്നെ സ്വകാര്യ ബാങ്ക് സൂചികകയാണ് ഏറ്റവും നഷ്ടമുണ്ടാക്കിയത്.വിപണിയില്‍ ഏറ്റവും നഷ്ടം നേരിട്ടത് ബജാജ് ഫിനാന്‍സ്, ആക്‌സിസ് ബാങ്ക്, മാരുതി സുസുകി, അള്‍ട്രാടെക് സിമന്റ്, ശ്രീ സിമന്റ്, ഐസിഐസിഐ എന്നീ ഓഹരികള്‍ക്കാണ്. ആക്സിസ് ബാങ്കിന്റെ ഓഹരി വില 28 ശതമാനം ഇടിഞ്ഞ് 310 നിലവാരത്തിലെത്തി. എച്ച്ഡിഎഫ്സി ബാങ്ക് 13 ശതമാനവും ഐസിഐസിഐ ബാങ്ക് 18 ശതമാനവും ഇന്‍ഡസിന്റ് ബാങ്ക് 23 ശതമാനവും ബജാജ് ഫിനാന്‍സ് 24 ശതമാനവും തകര്‍ന്നടിഞ്ഞു.

ഉത്പാദനം കുറച്ചതോടെ വാഹന ഓഹരികളും നഷ്ടംനേരിട്ടു. ബജാജ് ഓട്ടോ 14 ശതമാനവും മാരുതി സുസുകി 17 ശതമാനവും താഴ്ന്നു. ഏഷ്യന്‍, യൂറോപ്യന്‍ വിപണികളിലും സമാനമായ ഇടിവുണ്ടായി.

Top