മുംബൈ: നിക്ഷേപകര്‍ വ്യാപകമായി ലാഭമെടുത്തതോടെ മൂന്നു ദിവസം നീണ്ട റാലിക്ക് താല്‍ക്കാലിക വിരാമം. വ്യാപാര ആഴ്ചയുടെ അവസാന ദിനത്തില്‍ സൂചികകള്‍ കനത്ത ചാഞ്ചാട്ടം നേരിട്ടു. സെന്‍സെക്‌സ് 125 പോയന്റ് നഷ്ടത്തില്‍ 59,015.89ലും നിഫ്റ്റി 44 പോയന്റ് താഴ്ന്ന് 17,585.15ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ആഗോള വിപണികളില്‍ മുന്നേറ്റമുണ്ടായിട്ടും വില്പന സമ്മര്‍ദമാണ് വിപണിയെ ബാധിച്ചത്. റെക്കോഡ് ഉയരമായ 59,737ല്‍ തൊട്ടശേഷമാണ് സെന്‍സെക്‌സ് സമ്മര്‍ദം നേരിട്ടത്. ദിന വ്യാപാരത്തിനിടെ 721 പോയന്റിന്റെ ചാഞ്ചാട്ടമുണ്ടായി.
ടാറ്റ സ്റ്റീല്‍, കോള്‍ ഇന്ത്യ, ഹിന്‍ഡാല്‍കോ, എസ്ബിഐ, ടിസിഎസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, റിലയന്‍സ്, സണ്‍ ഫാര്‍മ, ഏഷ്യന്‍ പെയിന്റ്‌സ്, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടം നേരിട്ടത്.
കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐഷര്‍ മോട്ടോഴ്‌സ്, ഭാരതി എയര്‍ടെല്‍, മാരുതി സുസുകി, നെസ് ലെ, ബജാജ് ഫിന്‍സര്‍വ്, ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി, ഹീറോ മോട്ടോര്‍കോര്‍പ്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം മികച്ച നേട്ടമുണ്ടാക്കിയ പൊതുമേഖല ബാങ്ക് ഓഹരികള്‍ നഷ്ടം നേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 1.14ശതമാനവും സ്‌മോള്‍ ക്യാപ് സൂചിക 1.06ശതമാനവും നഷ്ടത്തിലായി.