സെന്‍സെക്സ് 134 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

Sensex gains

മുംബൈ: നഷ്ടത്തോടെയായിരുന്നു തുടക്കമെങ്കിലും നേട്ടം തിരിച്ചുപിടിച്ച് വിപണി. സെന്‍സെക്‌സ് 134 പോയന്റ് ഉയര്‍ന്ന് 52,904.05ലും നിഫ്റ്റി 42 പോയന്റ് നേട്ടത്തില്‍ 15,853.95ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ആഗോള തലതലത്തില്‍ ശുഭകരമല്ലായിരുന്നുവെങ്കിലും രാജ്യത്തെ സാമ്പത്തിക സൂചകങ്ങളിലെ അനുകൂല ഘടകങ്ങളും നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യപാദഫലങ്ങളുമാണ് വിപണിക്ക് കരുത്തായത്. പ്രമുഖ ഐടി കമ്പനിയായ മൈന്‍ഡ്ട്രീ മികച്ച പ്രവര്‍ത്തനഫലമാണ് പുറത്തുവിട്ടത്. മൊത്തവില പണപ്പരുപ്പത്തില്‍ നേരിയ തോതില്‍ കുറവുമുണ്ടായി.

ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, എല്‍ആന്‍ഡ്ടി, എച്ച്‌സിഎല്‍ ടെക്, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. മാരുതി സുസുകി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, നെസ് ലെ, റിലയന്‍സ് ഇന്‍ഡസ്ട്രീസ് തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു. നിഫ്റ്റി ഐടി സൂചിക മൂന്നുശതമാനം ഉയര്‍ന്നു. റിയാല്‍റ്റി, എനര്‍ജി, എഫ്എംസിജി, ഫിനാന്‍സ്, ഓട്ടോ, ഓയില്‍ ആന്‍ഡ് ഗ്യാസ് സൂചികകള്‍ നഷ്ടത്തിലാണ് ക്ലോസ്‌ ചെയ്തത്.

പ്രമുഖ ഭക്ഷ്യവിതരണ കമ്പനിയായ സൊമാറ്റോയുടെ ഐപിഒയ്ക്ക് മികച്ച പ്രതികരണമാണ് വിപണിയില്‍നിന്നുണ്ടായത്. ആദ്യദിവസംതന്നെ 58ശതമാനം സബ്‌സ്‌ക്രിപ്ഷന്‍ ലഭിച്ചു. റീട്ടെയില്‍ വിഭാഗത്തില്‍ 2.44ഇരട്ടിയാണ് സബ്‌സ്‌ക്രിപ്ഷന്‍. കിറ്റക്‌സിന്റെ ഓഹരി വില ബുധനാഴ്ചയും കുതിച്ചു. 10ശതമാനം ഉയര്‍ന്ന് 204 നിലവാരത്തിലാണ് ക്ലോസ്‌ ചെയ്തത്.

 

Top