മുംബൈ: മൂന്നു ദിവസത്തെ നഷ്ടത്തില്‍ നിന്ന് തിരിച്ചുകയറി ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു. ധനകാര്യ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. സെന്‍സെക്‌സ് 397 പോയന്റ് ഉയര്‍ന്ന് 52,769.73ലും നിഫ്റ്റി 120 പോയന്റ് നേട്ടത്തില്‍ 15,812.35ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
സാമ്പത്തിക സൂചകങ്ങളില്‍ പ്രകടമായ അനുകൂല സൂചനകളാണ് വിപണിയില്‍ പ്രതിഫലിച്ചത്. വിലക്കയറ്റ നിരക്കില്‍ നേരിയ കുറവുണ്ടായതും വ്യാവസായികോത്പാദനത്തില്‍ വര്‍ധനവുണ്ടായതും സൂചികകള്‍ക്ക് കരുത്തുപകര്‍ന്നു. ചൈനയിലെ കയറ്റുമതി വര്‍ധിച്ചത് ആഗോളതലത്തില്‍ സൂചികകള്‍ നേട്ടമാക്കി.
ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക്, സണ്‍ ഫാര്‍മ, എന്‍ടിപിസി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എച്ച്ഡിഎഫ്‌സി ബാങ്ക്, എല്‍ആന്‍ഡ്ടി, കൊട്ടക് മഹീന്ദ്ര ബാങ്ക്, റിലയന്‍സ്, ഇന്‍ഡസിന്‍ഡ് ബാങ്ക്, ഐടിസി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.
ടിസിഎസ്, ഏഷ്യന്‍ പെയിന്റ്‌സ്, ഇന്‍ഫോസിസ്, പവര്‍ഗ്രിഡ് കോര്‍പ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, മാരുതി സുസുകി, ടെക് മഹീന്ദ്ര, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. നേട്ടമില്ലാതെയാണ് ബിഎസ്ഇ മിഡ്ക്യാപ് സൂചിക ക്ലോസ് ചെയ്തത്. സ്‌മോള്‍ ക്യാപ് സൂചിക 0.4ശതമാനം ഉയരുകയും ചെയ്തു.