മുംബൈ: റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച പണലഭ്യത കൂട്ടാനുള്ള നടപടികളുംമറ്റും വിപണിയില്‍ ആത്മവിശ്വാസമുണ്ടാക്കി. നിഫ്റ്റി വീണ്ടും 14,600ന് മുകളില്‍ ക്ലോസ് ചെയ്തു. സാമ്പത്തികമേഖലയെ പ്രചോദിപ്പിക്കുന്നതിന് പ്രതിജ്ഞാബദ്ധമാണ് തെളിയിച്ചിരിക്കുകയാണ് പ്രഖ്യാപനത്തിലൂടെ ആര്‍ബിഐ എന്ന് ജിയോജിത്തിലെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റായ ഡോ.വി.കെ വിജയകുമാര്‍ പറഞ്ഞു.
അടിയന്തിര ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വായ്പ നല്‍കാന്‍ വാണിജ്യ ബാങ്കുകളെ സജ്ജമാക്കാന്‍ 50000 കോടി രൂപയുടെ റിപോ സൗകര്യം, ചെറുകിട ധനകാര്യ ബാങ്കുകള്‍ക്ക് ത്രിവര്‍ഷ ടിഎല്‍ടിആര്‍ഒ സൗകര്യം, ജി സാപിന്റെ അടുത്ത ഇന്‍സ്റ്റാള്‍മെന്റ് 35000 കോടി രൂപ, ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് ചെറു ധനകാര്യ സ്ഥാപനങ്ങള്‍ നല്‍കുന്ന വായ്പ മുന്‍ഗണനാ മേഖലാ ഗണത്തില്‍പെടുത്തുക തുടങ്ങിയ പ്രവര്‍ത്തനങ്ങളെല്ലാം ശരിയായ ദിശയില്‍ തക്ക സമയത്തുതന്നെ പ്രഖ്യാപിക്കപ്പെട്ട നടപടികളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആര്‍ബിഐയുടെ അപ്രതീക്ഷിത പ്രഖ്യാപനങ്ങള്‍ വിപണിനേട്ടമാക്കി. 424.04 പോയന്റാണ് സെന്‍സെക്‌സിലെ ഉയര്‍ന്നത്.
48,677.55ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റിയാകട്ടെ 121 പോയന്റ് നേട്ടത്തില്‍ 14,617.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. സണ്‍ ഫാര്‍മ, യുപിഎല്‍, ആക്‌സിസ് ബാങ്ക്, ഇന്‍ഡസിന്‍ഡ് ബാങ്ക്, കൊട്ടക് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, ടൈറ്റാന്‍ കമ്പനി, വിപ്രോ, ടിസിഎസ്, ഭാരതി എയര്‍ടെല്‍, ഒഎന്‍ജിസി, ഡിവീസ് ലാബ്, മാരുതി സുസുകി, ഹിന്‍ഡാല്‍കോ, സിപ്ല, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ ബജാജ് ഫിനാന്‍സ്, ഏഷ്യന്‍ പെയിന്റ്‌സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായി. എല്ലാ സെക്ടറല്‍ സൂചികകളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി ബാങ്ക്, ഐടി, ഫാര്‍മ, പൊതുമേഖല ബാങ്ക് സൂചികകള്‍ ഒന്നുമുതല്‍ നാലുശതമാനംവരെ നേട്ടമുണ്ടാക്കി.