സെന്‍സെക്സ് 478 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: രണ്ടാമത്തെ ദിവസവും ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. പവര്‍, മെറ്റല്‍, ഓയില്‍ ആന്‍ഡ് ഗ്യാസ്, ഐടി, പൊതുമേഖല ബാങ്ക് തുടങ്ങിയ സെക്ടറുകളിലെ ചില ഓഹരികളില്‍ നിക്ഷേപ താല്‍പര്യം പ്രകടമായതാണ് സൂചികകള്‍ നേട്ടമാക്കിയത്.

സെന്‍സെക്സ് 477.99 പോയന്റ് നേട്ടത്തില്‍ 60,545.61ലും നിഫ്റ്റി 151.70 പോയന്റ് ഉയര്‍ന്ന് 18,068.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഐഒസി, ടൈറ്റാന്‍, ബജാജ് ഫിന്‍സര്‍വ്, അള്‍ട്രടെക് സിമെന്റ്സ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.

ഇന്‍ഡസിന്‍ഡ് ബാങ്ക്, ഡിവീസ് ലാബ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എസ്ബിഐ, മാരുതി സുസുകി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഫാര്‍മ, ബാങ്ക് എന്നിവ ഒഴികെയുള്ള സെക്ടറല്‍ സൂചികകള്‍ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ക്യാപിറ്റല്‍ ഗുഡ്സ്, പൊതുമേഖല ബാങ്ക്, ഐടി, മെറ്റല്‍, ഓയില്‍ ആന്‍ഡ് ഗ്യാസ്, റിയാല്‍റ്റി സൂചികകള്‍ 1-2ശതമാനത്തോളം ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 1.2ശതമാനവും സ്മോള്‍ ക്യാപ് സൂചിക 0.78ശതമാനവും നേട്ടമുണ്ടാക്കി.

സെപ്റ്റംബര്‍ പാദത്തില്‍ സ്വര്‍ണപ്പണയ വായ്പയില്‍ മികച്ച വളര്‍ച്ച രേഖപ്പെടുത്തിയതിനെതുടര്‍ന്ന് കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മണപ്പുറം ഫിനാന്‍സ്, മുത്തൂറ്റ് ഫിനാന്‍സ് തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ എക്കാലത്തെയും ഉയരംകുറിച്ചു.

 

 

Top