സെന്‍സെക്സ് 525 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: പ്രതികൂലമായ ആഗോള സൂചനകള്‍ രാജ്യത്തെ ഓഹരി വിപണിയില്‍ രണ്ടാം ദിവസവും നഷ്ടം വിതച്ചു. സെന്‍സെക്‌സ് 524 പോയന്റ് താഴ്ന്ന് 58,490 ലും നിഫ്റ്റി 188 പോയന്റ് നഷ്ടത്തില്‍ 17,396 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ചൈനയിലെ എവര്‍ഗ്രാന്റെ റിയല്‍ എസ്റ്റേറ്റ് ഭീമന്റെ കടബാധ്യതയും കമ്മോഡിറ്റി വിലയിടിവും വരാനിരിക്കുന്ന യുഎസ് ഫെഡറല്‍ റിസര്‍വ് യോഗവുമൊക്കെയാണ് നിക്ഷേപകരെ ആശയക്കുഴപ്പത്തിലാക്കിയത്. ഇതേതുടര്‍ന്ന് വിപണി വില്പന സമ്മര്‍ദം നേരിട്ടു.

ടാറ്റാ സ്റ്റീല്‍, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടം നേരിട്ടത്. ഐടിസി, ബജാജ് ഫിന്‍സര്‍വ്, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കുകയും ചെയ്തു.

നിഫ്റ്റി എഫ്എംസിജി ഒഴികെയുള്ള സെക്ടറുകള്‍ നഷ്ടത്തിലായി. ലോഹ സൂചിക ഏഴ് ശതമാനവും പൊതുമേഖല ബാങ്ക് സൂചിക നാല് ശതമാനവും തകര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ 2 ശതമാനം വീതം ഇടിഞ്ഞു.

 

Top