സെന്‍സെക്സ് 663 പോയന്റ് നേട്ടത്തില്‍ ക്ലോസ്‌ ചെയ്തു

മുംബൈ: ഐടി, പവര്‍, ഹെല്‍ത്ത്‌കെയര്‍, മെറ്റല്‍ ഓഹരികളുടെ കുതിപ്പില്‍ രണ്ടാം ദിവസവും റെക്കോഡ് ഉയരത്തില്‍ സൂചികകള്‍ ക്ലോസ്‌ ചെയ്തു. ഇതാദ്യമായി നിഫ്റ്റി 17,000 കടന്നു.

പ്രതീക്ഷ ഉണര്‍ത്തുന്ന സാമ്പത്തിക സൂചകങ്ങളും യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പ്രഖ്യാപനവും വിപണിയില്‍ രണ്ടാം ദിവസവും ഉണര്‍വ് പകര്‍ന്നു. അതോടെ, ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത ഓഹരികളുടെ വിപണി മൂല്യം 250 ലക്ഷം കോടി രൂപ കടന്നു.

662.23 പോയന്റാണ് സെന്‍സെക്‌സിലെ നേട്ടം. 1.16ശതമാനം ഉയര്‍ന്ന് 57,552.39ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 201.20 പോയന്റ് നേട്ടത്തില്‍ 17,132.20ലുമെത്തി. ഭാരതി എയര്‍ടെല്‍ ആണ് നേട്ടത്തില്‍ മുന്നില്‍. ഓഹരി വില 6.7ശതമാനം ഉയര്‍ന്നു. ബജാജ് ഫിനാന്‍സ്, ഐഷര്‍ മോട്ടോഴ്‌സ്, ഹിന്‍ഡാല്‍കോ, ശ്രീ സിമെന്റ്‌സ് തുടങ്ങിയ ഓഹരികളും നേട്ടത്തിലായിരുന്നു.

ടാറ്റ മോട്ടോഴ്‌സ്, നെസ് ലെ, ഇന്‍ഡസിന്‍ഡ് ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ബിപിസിഎല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ് ക്ലോസ്‌ ചെയ്തത്. ഐടി, പവര്‍, ഹെല്‍ത്ത്‌കെയര്‍, മെറ്റല്‍, ഓയില്‍ ആന്‍ഡ് ഗ്യാസ് തൂടങ്ങിയ സൂചികകള്‍ ഒരുശതമാനത്തോളം ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ 0.5ശതമാനവും നേട്ടമുണ്ടാക്കി.

 

Top