മുംബൈ: ഏഴ് ദിവസത്തെ നേട്ടത്തിന് താല്‍ക്കാലിക വിരമാമിട്ട് സൂചികകള്‍. പാദഫലങ്ങളിലെ മികവില്‍ എക്കാലത്തെയും ഉയരംകുറിച്ച വിപണിയില്‍ വ്യാപകമായി ലാഭമെടുപ്പുണ്ടായതാണ് നഷ്ടത്തിനിടയാക്കിയത്. മുന്നേറ്റം എട്ടാം ദിവസം തുടര്‍ന്നപ്പോള്‍ സെന്‍സെക്‌സ് 62,193.90ലും നിഫ്റ്റി 18,583.50ലുമെത്തി. ഒടുവില്‍ 49.5 പോയന്റ് നഷ്ടത്തില്‍ 61,716 നിലവാരത്തിലാണ് സെന്‍സെക്‌സ് ക്ലോസ് ചെയ്തത്.
ടെക് മഹീന്ദ്ര, എല്‍ആന്‍ഡ്ടി, ബജാജ് ഫിന്‍സര്‍വ്, ഇന്‍ഫോസിസ്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയവയാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഐടിസി, ടാറ്റാ മോട്ടോഴ്‌സ്, എച്ച്യുഎല്‍, ടൈറ്റാന്‍ കമ്പനി തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.
പൊതുമേഖല ബാങ്ക്, എഫ്എംസിജി, ലോഹ സൂചികകളില്‍ നിക്ഷേപതാല്‍പ്പര്യം വര്‍ധിച്ചു. നിഫ്റ്റി ഐടി വ്യാപാരത്തിനിടെ 2.35 ശതമാനം ഉയര്‍ന്നെങ്കിലും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. റിയാല്‍റ്റി (4.8 ശതമാനം) പൊതുമേഖ ബാങ്ക്, എഫ്എംസിജി (3 ശതമാനംവീതം) നഷ്ടനേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.