സെന്‍സെക്സ് 381 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: വ്യാപാര ആഴ്ചയുടെ അവസാന ദിനത്തില്‍ സൂചികകള്‍ നേട്ടത്തില്‍ അവസാനിപ്പിച്ചു. നിഫ്റ്റി റെക്കോഡ് ഉയരത്തിലാണ് ക്ലോസ് ചെയ്തത്. സെന്‍സെക്‌സ് 381 പോയന്റ് നേട്ടത്തില്‍ 60,059 ലും നിഫ്റ്റി 104.90 പോയന്റ് ഉയര്‍ന്ന് 17,895 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

അനുകൂലമായ ആഗോള സാഹചര്യങ്ങള്‍, ആര്‍ബിഐ വായ്പനയം എന്നിവയാണ് വിപണിയിലെ നേട്ടങ്ങള്‍ക്ക് കാരണമായത്. റിലയന്‍സ്, ടിസിഎസ്, എല്‍ആന്‍ഡ്ടി, ടാറ്റാ സ്റ്റീല്‍, എഷ്യന്‍പെയിന്റ്, ബജാജ് ഫിന്‍സര്‍വ്, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

ബജാജ് ഫിനാന്‍സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, സണ്‍ഫാര്‍മ, ബജാജ് ഓട്ടോ, കൊട്ടക് ബാങ്ക്, ടൈറ്റാന്‍, ഹിന്ദുസ്ഥാന്‍ യൂണിലെവര്‍, മാരുതി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്. സെക്ടറല്‍ സൂചികകളില്‍ ഐടി രണ്ട് ശതമാനത്തോളം ഉയര്‍ന്നു. ഓട്ടോ, മെറ്റല്‍, എനര്‍ജി സൂചികകളില്‍ നിക്ഷേപ താല്‍പ്പര്യം വര്‍ധിച്ചു.

റിയാലിറ്റി സൂചിക 3 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി. ബിഎസ്ഇ മിഡ്ക്യാപ് 0.15 ശതമാനവും സ്‌മോള്‍ക്യാപ് സൂചിക 0.92 ശതമാനവും ഉയര്‍ന്നു. റെക്കോഡ് ഉയരമായ 25,956, 29,358 ഉം ഇരുസൂചികകളും യഥാക്രമം പിന്നിട്ടു.

 

Top