ഓഹരി വിപണി നഷ്ടത്തിൽ ക്ലോസ് ചെയ്തു

മുംബൈ : ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 599.64 പോയന്റ് താഴ്ന്ന് 39922.46ലും നിഫ്റ്റി 159.80 പോയന്റ് നഷ്ടത്തില്‍ 11,729.60ലുമെത്തി. ബിഎസ്ഇയിലെ 979 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1606 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 153 ഓഹരികള്‍ക്ക് മാറ്റമില്ല.

യുഎസിലും മറ്റ് രാജ്യങ്ങളിലും കോവിഡ് രോഗബാധിതരുടെ എണ്ണം കൂടുന്നതാണ് വിപണിയ്ക്ക് പ്രതികൂലമായത്. വിദേശ നിക്ഷേപകരടക്കം ഓഹരികള്‍ വിറ്റ് ലാഭമെടുക്കാന്‍ തിടുക്കം കൂട്ടി. ഇന്‍ഡസിന്റ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ടെക് മഹീന്ദ്ര, അദാനി പോര്‍ട്‌സ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലായത്.

എന്നാൽ ഭാരതി എയര്‍ടെല്‍, യുപിഎല്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഐഷര്‍ മോട്ടോഴ്‌സ്, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കുകയും ചെയ്തു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ 0.7-0.9 ശതമാനം താഴ്ന്നാണ് ക്ലോസ് ചെയ്തത്.

Top