സെന്‍സെക്‌സില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളില്‍ വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സും നിഫ്റ്റിയും ഒരു ശതമാനത്തോളം നഷ്ടം നേരിട്ടു. സെന്‍സെക്സ് 430 പോയന്റ് നഷ്ടത്തില്‍ 49,070ലെത്തി. നിഫ്റ്റിയാകട്ടെ 14,800 പോയന്റിന് താഴെയുമെത്തി. പണപ്പെരുപ്പം വര്‍ധിക്കുമെന്ന വിലയിരുത്തലാണ് വാള്‍സ്ട്രീറ്റില്‍ തകര്‍ച്ചയ്ക്ക് കാരണമായത്.

പവര്‍ഗ്രിഡ്, ഇന്‍ഫോസിസ്, റിലയന്‍സ്, ഐടിസി, എച്ച്സിഎല്‍ ടെക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടൈറ്റാന്‍, എന്‍ടിപിസി, ഏഷ്യന്‍ പെയിന്റ്സ്, ബജാജ് ഓട്ടോ, ടെക് മഹീന്ദ്ര, ടിസിഎസ്, എല്‍ആന്‍ഡ്ടി, ആക്സിസ് ബാങ്ക്, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍. സണ്‍ ഫാര്‍മ, ഡോ.റെഡ്ഡീസ് ലാബ്, നെസ് ലെ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.

ഫാര്‍മ ഒഴികെയുള്ള സൂചികകളാണ് നഷ്ടത്തിലായത്. മെറ്റല്‍ സൂചിക 2.2ശതമാനം താഴ്ന്നാണ് വ്യാപാരം നടക്കുന്നത്. സീമെന്‍സ്, അലംബിക്, ആന്ധ്ര പേപ്പര്‍, ഗോദ്റേജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്സ്, ഗ്രാന്യൂള്‍സ് ഇന്ത്യ തുടങ്ങി 28 കമ്പനികളാണ് മാര്‍ച്ച് പാദത്തിലെ പ്രവര്‍ത്തനഫലം ചൊവാഴ്ച പുറത്തുവിടുന്നത്.

 

Top