സെന്‍സെക്സിലെ നഷ്ടം 740 പോയന്റ്; നിഫ്റ്റി 14,350നു താഴെ ക്ലോസ്‌ ചെയ്തു

മുംബൈ: വിപണിയില്‍ രണ്ടാമത്തെ ദിവസവും ഓഹരി സൂചികകള്‍ കനത്ത നഷ്ടത്തില്‍ ക്ലോസ്‌ ചെയ്തു. പൊതുമേഖല ബാങ്ക്, എഫ്എംസിജി, എനര്‍ജി തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്.

സെന്‍സെക്‌സ് 740.19 പോയന്റ് നഷ്ടത്തില്‍ 48,440.12ലും നിഫ്റ്റി 224.50 പോയന്റ് താഴ്ന്ന് 14,324.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 2147 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 748 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 170 ഓഹരികള്‍ക്ക് മാറ്റമില്ല.

ഐഒസി, മാരുതി സുസുകി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഭാരതി എയര്‍ടെല്‍, കോള്‍ ഇന്ത്യ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. ടാറ്റ സ്റ്റീല്‍, ഡോ.റെഡ്ഡീസ് ലാബ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമായിരുന്നു.

നിഫ്റ്റി പൊതുമേഖല ബാങ്ക്, എഫ്എംസിജി, ഓട്ടോ, ഇന്‍ഫ്ര, ഐടി, എനര്‍ജി സൂചികകള്‍ 2-3ശതമാനം നഷ്ടത്തിലായി. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ യഥാക്രമം 1.8-2.2ശതമാനം താഴുകയും ചെയ്തു.

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നത് വിപണിയില്‍ ആശങ്ക പടര്‍ത്തിയിട്ടുണ്ട്. മാര്‍ച്ചിലെ ഡെറിവേറ്റീവ് കോണ്‍ട്രാക്ടുകളുടെ കാലാവധി തീരുന്നതും സൂചികകളെ ബാധിച്ചു.

Top