സെന്‍സെക്സില്‍ 87 പോയന്റ് നഷ്ടം

മുംബൈ: ദിവസംമുഴുവന്‍ നീണ്ടുനിന്ന ചാഞ്ചാട്ടത്തിനൊടുവില്‍ ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ്‌ ചെയ്തു. ഐടി, മെറ്റല്‍, എഫ്എംസിജി, ഫാര്‍മ ഓഹരികള്‍ നേട്ടമുണ്ടാക്കുകയും ചെയ്തു. സെന്‍സെക്‌സ് 86.95 പോയന്റ് നഷ്ടത്തില്‍ 49,771.29ലും നിഫ്റ്റി 7.60പോയന്റ് താഴ്ന്ന് 14,736.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബിഎസ്ഇയിലെ 1570 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1427 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 223 ഓഹരികള്‍ക്ക് മാറ്റമില്ല. യൂറോപ്പിലും രാജ്യത്തിന്റെ വിവിധയിടങ്ങളിലും കോവിഡ് വീണ്ടും വ്യാപിക്കുന്നതും യുഎസ് ട്രഷറി ആദായം ഉയര്‍ന്നു നില്‍ക്കുന്നതുമാണ് വിപണിയെ ബാധിച്ചത്.

ഇന്‍ഡസിന്‍ഡ് ബാങ്ക്, പവര്‍ഗ്രിഡ് കോര്‍പ്, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. അദാനി പോര്‍ട്‌സ്, ടെക് മഹീന്ദ്ര, ടിസിഎസ്, ബ്രിട്ടാനിയ, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കുകയും ചെയ്തു.

നിഫ്റ്റി ഐടി, മെറ്റല്‍, ഫാര്‍മ, എഫ്എംസിജി സൂചികകള്‍ ഒരു ശതമാനം ഉയര്‍ന്നു. നിഫ്റ്റി ബാങ്ക്, പൊതുമേഖല ബാങ്ക് സൂചികകള്‍ ഒരു ശതമാനം വീതം നഷ്ടത്തിലായി. അതേസമയം, ബിഎസ്ഇ മിഡ്ക്യാപ്-സ്‌മോള്‍ക്യാപ് സൂചികകള്‍ യഥാക്രമം 0.7-1ശതമാനം നേട്ടമുണ്ടാക്കി.

 

Top