മുംബൈ: തുടര്‍ച്ചയായി നാലു ദിവസത്തെ നേട്ടത്തിനു ശേഷം വ്യാപാര ആഴ്ചയുടെ അവസാന ദിവസം ഓഹരി വിപണി കൂപ്പുകുത്തി. ഏഷ്യന്‍ വിപണികളിലെ നഷ്ടവും കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി കുത്തനെ ഉയരുന്നതും വിപണിയുടെ ആത്മവിശ്വാസം കെടുത്തി. കനത്ത വില്പന സമ്മര്‍ദത്തില്‍ സൂചികകള്‍ക്ക് രണ്ടു ശതമാനത്തോളം പോയന്റ് നഷ്ടമായി.
നിഫ്റ്റി ബാങ്ക് സൂചിക മൂന്നു ശതമാനവും എഫ്എംസിജി, ഓട്ടോ, ഐടി സൂചികകള്‍ 1.5ശതമാനം വീതവും നഷ്ടം നേരിട്ടു. അതേസമയം, ഫാര്‍മ സൂചിക ഒരു ശതമാനം നേട്ടത്തോടെ റെക്കോഡ് കുറിക്കുകയും ചെയ്തു. നിഫ്റ്റി 264 പോയന്റ് നഷ്ടത്തില്‍ 14,631ലും സെന്‍സെക്‌സ് 983.5 പോയന്റ് താഴ്ന്ന് 48,782ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
എച്ച്ഡിഎഫ്‌സി, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ്, ടിസിഎസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, അദാനി പോര്‍ട്‌സ്, ഹിന്‍ഡാല്‍കോ, ടെക് മഹീന്ദ്ര, മാരുതി സുസുകി, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായി.
ഒഎന്‍ജിസി, കോള്‍ ഇന്ത്യ, ഡിവീസ് ലാബ്, ഗ്രാസിം, ഐഒസി, സണ്‍ ഫാര്‍മ, ഡോ.റെഡ്ഡീസ് ലാബ്, വിപ്രോ, ബിപിസിഎല്‍, സിപ്ല, ടാറ്റ സ്റ്റീല്‍, എസ്ബിഐ ലൈഫ് തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കുകയും ചെയ്തു.