ന്യൂഡല്‍ഹി: രാജ്യത്തിന്റെ ആഭ്യന്തര വ്യാവസായികോല്പാദനം 13 മാസത്തെ കുതിപ്പിനു ശേഷം ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം നവംബറുമായി താരതമ്യം ചെയ്യുമ്പോള്‍ 3.2 ശതമാനത്തിന്റെ ഇടിവാണ് ഇക്കഴിഞ്ഞ നവംബറിലുണ്ടായത്.
അതേസമയം രാജ്യത്ത് ചില്ലറവിലയെ അടിസ്ഥാനമാക്കിയുളള പണപ്പെരുപ്പം ഡിസംബറില്‍ 5.61 ശതമാനം കൂടിയിട്ടുമുണ്ട്. ഭക്ഷ്യധാന്യങ്ങളുടെ വിലക്കയറ്റമാണ് ഇതിനു കാരണമായത്. അഞ്ച് മാസമായി ഉപഭോക്തൃ വിലസൂചിക ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.
നവംബറില്‍ 5.41 ശതമാനമായിരുന്നു ചില്ലറവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക്. അത് 5.6 ആയി ഡിസംബറില്‍ ഉയര്‍ന്നു. ഭക്ഷ്യധാന്യങ്ങളുടെ ചില്ലറവില ഡിസംബറില്‍ 6.40 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. 6.07 ശതമാനമായിരുന്നു നവംബറില്‍.
അതിനിടെ ഉല്പാദനം കുറഞ്ഞതോടെ ഉരുളക്കിഴങ്ങ് വില ഉയരാനുള്ള സാധ്യതയും നേരിട്ടുകൊണ്ടിരിക്കുകയാണ്. പശ്ചിമബംഗാളില്‍ മാത്രം കഴിഞ്ഞ വര്‍ഷം 11 മില്യണ്‍ ടണ്ണായിരുന്ന ഉല്പാദനം 9.5 മില്യണ്‍ ടണ്ണായി കുറയുമെന്നാണ് വിലയിരുത്തല്‍.
വ്യാവസായിക ഉല്പാദനം ഇക്കഴിഞ്ഞ ഒക്ടോബറില്‍ 9.8 ശതമാനം വളര്‍ച്ച നേടിയിരുന്നു. എന്നാല്‍ പ്രധാന ഉല്പാദന മേഖലകളെല്ലാം നവംബറില്‍ വളര്‍ച്ച കുറവാണ് കാണിച്ചത്.
ഒക്ടോബറില്‍ 10.6 ശതമാനം വളര്‍ച്ച കാണിച്ച ഉല്പാദന മേഖലയ്ക്ക് നവംബറില്‍ 4.4 ശതമാനം വളര്‍ച്ച മാത്രമേ നേടാനായുളളൂ.