നഷ്ടം നികത്തി ഓഹരിവിപണി; സെന്‍സെക്‌സ് 646 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

sensex

മുംബൈ: കഴിഞ്ഞ ദിവസങ്ങളിലെ നഷ്ടം നികത്തി ഓഹരി വിപണി. ഇന്ന് സെന്‍സെക്സ് 646 പോയന്റ് ഉയര്‍ന്ന് 38,840.32ലും നിഫ്റ്റി 171 പോയന്റ് നേട്ടത്തില്‍ 11,449.25ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി വില ഏഴ് ശതമാനം ഉയര്‍ന്നതാണ് സൂചികകള്‍ക്ക് കരുത്തേകിയത്.

ഓഹരി വ്യാപാരത്തിനിടെ റിലയന്‍സിന്റെ വിപണിമൂല്യം 15 ട്രില്യണ്‍ രൂപ ഇതാദ്യമായി കടന്നു. വിപണി ക്ലോസ് ചെയ്യുമ്പോള്‍ റിലയന്‍സിന്റെ വിപണി മൂല്യം ഇന്ന് 14.67 ട്രില്യണ്‍ രൂപയാണ്. ബാങ്ക്, ധനകാര്യ ഓഹരികളില്‍ നിക്ഷേപകര്‍ താല്‍പര്യം കാണിച്ചതും വിപണിക്ക് തുണയായി.

ഏഷ്യന്‍ പെയിന്റ്സ്, ആക്സിസ് ബാങ്ക്, ഇന്‍ഡസിന്റ് ബാങ്ക്, ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സര്‍വ്, എസ്ബിഐ, പവര്‍ഗ്രിഡ് കോര്‍പ്, ഒഎന്‍ജിസി, ഇന്‍ഫോസിസ്, ഐസിഐസിഐ ബാങ്ക്, ഐടിസി, എച്ച്ഡിഎഫ്സി, എന്‍ടിപിസി തുടങ്ങിയ ഓഹരികളും നേട്ടത്തിലായിരുന്നു.

എംആന്‍ഡ്എം, ബജാജ് ഓട്ടോ, എച്ച്സിഎല്‍ ടെക്, ടെക് മഹീന്ദ്ര, സണ്‍ ഫാര്‍മ, ടൈറ്റാന്‍, എച്ച്ഡിഎഫ്സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍ ക്ലോസ് ചെയ്തത്.

Top