മുംബൈ: ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 525 പോയന്റ് നേട്ടത്തില്‍ 41,141ലും നിഫ്റ്റി 151 പോയന്റ് ഉയര്‍ന്ന് 12,060ലുമാണ് വ്യാപാരം നടക്കുന്നത്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍ വിജയത്തോടടുക്കുന്നതിന്റെ സൂചനകള്‍ പുറത്തുവന്നതാണ് സൂചികകളില്‍ പ്രതിഫലിച്ചത്.
മികച്ച രണ്ടാം പാദഫലം പുറത്തുവിട്ടതിനെതുടര്‍ന്ന് എസ്ബിഐയുടെ ഓഹരി വില ആറു ശതമാനത്തോളം കുതിച്ചു. എച്ച്സിഎല്‍ ടെക്, ഗ്രാസിം, ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, യുപിഎല്‍, ഏഷ്യന്‍ പെയിന്റ്സ്, ബിപിസിഎല്‍, നെസ് ലെ, ടാറ്റ സ്റ്റീല്‍, ടിസിഎസ് തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്. ഹീറോ മോട്ടോര്‍കോര്‍പ്, ഒഎന്‍ജിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
ബെര്‍ജര്‍ പെയിന്റ്സ്, ഇമാമി, ഗോദ്റേജ് കണ്‍സ്യൂമര്‍ തുടങ്ങി 127 കമ്പനികളാണ് സെപ്റ്റംബര്‍ പാദത്തിലെ പ്രവര്‍ത്തനഫലം വ്യാഴാഴ്ച പുറത്തുവിടുന്നത്.