ഓഹരി വിപണിയില്‍ വന്‍ കുതിപ്പ്, സെന്‍സെക്‌സ് 163 പോയിന്റ് ഉയര്‍ന്നു

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ കുതിപ്പ്.

രാവിലെ വ്യാപാരം ആരംഭിച്ചപ്പോള്‍ മുംബൈ സൂചിക സെന്‍സെക്‌സ് 163.53 പോയിന്റ് ഉയര്‍ന്ന് 33,919.81ലും ദേശീയ സൂചിക നിഫ്റ്റി 39.95 പോയിന്റ് ഉയര്‍ന്ന് 10,480.25ലും ആണ് വ്യാപാരം നടക്കുന്നത്. 0.48ഉം 0.38 ഉം ആണ് യഥാക്രമം ശതമാന കണക്ക്.

ഒ.എന്‍.ജി.സി, മാരുതി, ഭാരതി എയര്‍ടെല്‍, എം ആന്‍ഡ് എം, ടാറ്റാ മോട്ടോഴ്‌സ് എന്നീ കമ്പനികള്‍ നേട്ടം കൈവരിച്ചു. കോള്‍ ഇന്ത്യ, പവര്‍ ഗ്രിഡ്, ഹീറോ മോട്ടോകോപ്, ബജാജ് ഓട്ടോ, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് എന്നീ കമ്പനികളുടെ ഓഹരികളുടെ വ്യാപാരം നഷ്ടത്തിലാണ്.

മോദി സര്‍ക്കാറിന്റെ അടുത്ത ബജറ്റ് കര്‍ഷകര്‍ക്കും കാര്‍ഷിക മേഖലക്കും മുന്‍തൂക്കം നല്‍കുന്നതാണെന്ന മാധ്യമ റിപ്പോര്‍ട്ട് മോട്ടോര്‍ കമ്പനികളുടെ ഓഹരികള്‍ക്ക് നേട്ടമായി. ഈ മേഖലയുമായി ബന്ധപ്പെട്ട കമ്പനികളുടെ ഓഹരികള്‍ 40 ശതമാനം ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയത്.

അമേരിക്കന്‍ സമ്പദ് വ്യവസ്ഥയുടെ സുസ്ഥിര വളര്‍ച്ചയാണ് ഏഷ്യന്‍ ഓഹരികള്‍ക്ക് നേട്ടമായത്.

അതേസമയം, കാറ്റലോണിയയില്‍ തെരഞ്ഞെടുപ്പില്‍ സ്വാതന്ത്ര്യവാദികള്‍ക്ക് മുന്‍തൂക്കം ലഭിച്ചത് യൂറോയുടെ ഇടിവിന് കാരണമായി.

Top