സെന്‍സെക്സില്‍ വ്യാപാരം ആരംഭിച്ചത് 813 പോയന്റ് നഷ്ടത്തോടെ

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ ഓഹരി സൂചികകളില്‍ കനത്ത നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 813 പോയന്റ് നഷ്ടത്തില്‍ 48,778ലും നിഫ്റ്റി 245 പോയന്റ് താഴ്ന്ന് 14,589ലുമാണ് വ്യാപാരം ആരംഭിച്ചത്.

ബിഎസ്ഇയിലെ 1181 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 386 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 76 ഓഹരികള്‍ക്ക് മാറ്റമില്ല. 24മണിക്കൂറിനിടെ കോവിഡ് കേസുകളുടെ എണ്ണം 1.69 ലക്ഷമായി ഉയര്‍ന്നതാണ് വിപണിയെ ബാധിച്ചത്.

ഹിന്ദുസ്ഥാന്‍ യുണിലിവര്‍, സണ്‍ ഫാര്‍മ, നെസ് ലെ, ടിസിഎസ്, ഡോ.റെഡ്ഡീസ് ലാബ്, ടെക് മഹീന്ദ്ര, എച്ച്‌സിഎല്‍ ടെക്, ഏഷ്യന്‍ പെയിന്റ്‌സ്, ഐടിസി, ഭാരതി എയര്‍ടെല്‍, റിലയന്‍സ്, എല്‍ആന്‍ഡ്ടി, ഒഎന്‍ജിസി, പവര്‍ഗ്രിഡ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തില്‍.

നിഫ്റ്റി ഐടി സൂചിക ഒഴികെയുള്ളവയെല്ലാം നഷ്ടത്തിലാണ്. പൊതുമേഖല ബാങ്ക് സൂചിക ഏഴു ശതമാനമാണ് ഇടിഞ്ഞത്. ബിഎസ്ഇ മിഡ്ക്യാപ് നാലു ശതമാനവും സ്‌മോള്‍ ക്യാപ് സൂചിക 3.5 ശതമാനവും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

ടിസിഎസ്, എച്ച്ഡിഐഎല്‍, കാലിഫോര്‍ണിയ സോഫ്റ്റ് വെയര്‍, ക്യുപിഡ് ട്രേഡ്‌സ് തുടങ്ങിയ കമ്പനികളാണ് നാലാം പാദത്തിലെ പ്രവര്‍ത്തനഫലം തിങ്കളാഴ്ച പുറത്തുവിടുന്നത്.

 

Top