മുംബൈ: ഓഹരി വിപണിയില്‍ തകര്‍ച്ച . സെന്‍സെക്‌സ് 169.45 പോയിന്റ് താഴ്ന്ന് 37121.22ലും, നിഫ്റ്റി 44.50 പോയിന്റ് നഷ്ടത്തില്‍ 11234.40 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 990 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 1685 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.
ബാങ്ക്, ഓട്ടോ മൊബൈല്‍സ്, എഫ്എംസിജി തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് നഷ്ടത്തില്‍ മുന്നില്‍. മ്യൂച്വല്‍ ഫണ്ടിന്റെ ചെലവ് അനുപാതത്തില്‍ കുറവു വരുത്തിയതിനെ തുടര്‍ന്ന് ഫണ്ട് കമ്പനികളായ എച്ച്ഡിഎഫ്‌സി എഎംസി, റിലയന്‌സ് നിപ്പോണ്‍ എന്നിവയുടെ ഓഹരി വില താഴ്ന്നു. ചൊവാഴ്ച മാത്രം 1143.73 കോടി രൂപയുടെ ഓഹരികളാണ് വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വിറ്റൊഴിഞ്ഞത്. അതേസമയം, ആഭ്യന്തര നിക്ഷേപകര്‍ 264.66 കോടി രൂപയുടെ ഓഹരികള്‍ വാങ്ങുകയും ചെയ്തു.
കോള്‍ ഇന്ത്യ, ടെക് മഹീന്ദ്ര, ഒഎന്‍ജിസി, ടാറ്റ സ്റ്റീല്‍, സണ്‍ ഫാര്‍മ, ഡോ.റെഡ്ഡീസ് ലാബ്, ഐസിഐസിഐ ബാങ്ക്, ഹിന്‍ഡാല്‍കോ, ടാറ്റ മോട്ടോഴ്‌സ്, ടിസിഎസ്, ഇന്‍ഫോസിസ്, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.
മാരുതി സുസുകി, എച്ച്ഡിഎഫ്‌സി ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഭാരതി എയര്‍ടെല്‍, എസ്ബിഐ, റിലയന്‍സ്, സിപ്ല തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.